റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ചെറിയ ഇടവേള? വൈറ്റ് ഹൗസിൽ റഷ്യൻ-യുക്രെയ്ൻ പ്രതിനിധികളെ സ്വീകരിച്ച് പ്രഥമ വനിത മെലാനിയ ട്രംപ്

വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷ ബാധിത മേഖലയിൽ പ്രാദേശിക വെടിനിർത്തൽ യാഥാർത്ഥ്യമാക്കിയതിന്‍റെ ഭാഗമായി റഷ്യയുടെയും യുക്രെയ്നിന്റെയും ഉന്നതതല പ്രതിനിധികളെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. ഭീകരമായ യുദ്ധത്തിനിടയിലും നൂറുകണക്കിന് സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച മാനുഷിക ഇടപെടലായാണ് ഈ വെടിനിർത്തൽ വിലയിരുത്തപ്പെടുന്നത്.

റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രെയ്ൻ നഗരമായ ഒലേഷ്കിയിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കുന്നതിൽ മെലാനിയ ട്രംപും അവരുടെ ഉപദേഷ്ടാവ് മാർക്ക് ബെക്ക്മാനും നിർണായക പങ്ക് വഹിച്ചു. ഈ വെടിനിർത്തൽ കാലയളവിൽ നൂറുകണക്കിന് സാധാരണക്കാരെ ഒഴിപ്പിക്കുകയും മാനുഷിക സഹായങ്ങൾ എത്തിക്കുകയും ചെയ്തു. സമാധാനത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പായി ഈ ഇടവേള മാറുമെന്ന് വൈറ്റ് ഹൗസിലെ ക്രോസ് ഹാളിൽ സംസാരിക്കവെ മെലാനിയ ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സമാധാനക്കരാറുകളിൽ പൂർണ്ണമായ വിജയം കാണാൻ കഴിഞ്ഞിരുന്നില്ല.

ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ പ്രത്യേക ദൂതൻ കിറിൽ ദിമിത്രിവ്, റഷ്യൻ മനുഷ്യാവകാശ കമ്മീഷണർ യാന ലാൻത്രാതോവ എന്നിവരും യുക്രെയ്ൻ നിയമനിർമ്മാതാക്കളും പങ്കെടുത്തു. മാനുഷിക പ്രവർത്തനങ്ങളിലെ ഇടപെടലിന് യുക്രെയ്ൻ ഉദ്യോഗസ്ഥർ മെലാനിയ ട്രംപിനും മാർക്ക് ബെക്ക്മാനും പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിച്ചു. യുദ്ധത്തിൽ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞുപോയ കുട്ടികളെ പുനഃസംയോജിപ്പിക്കുന്നതിൽ മെലാനിയ ട്രംപ് വഹിച്ച പങ്ക് യുക്രെയ്ൻ പ്രതിനിധികളും പ്രശംസിച്ചു.

അതേസമയം, യുക്രെയ്നിലെ സ്കൂളിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ചടങ്ങ് നടന്നത് എന്നത് ശ്രദ്ധേയമാണ്. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും, ഈ ചെറിയ വെടിനിർത്തൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാന ചർച്ചകൾക്ക് പുതിയ വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide