കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാക്കളടക്കമുള്ള മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന് കോടതി

കൊച്ചി: കേരളത്തെ ഉലച്ച കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.എമ്മിനും മുതിർന്ന നേതാക്കൾക്കും വൻ തിരിച്ചടി. സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള 28 പ്രതികൾക്കെതിരെയും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും എല്ലാവരും വിചാരണ നേരിടണമെന്നും കൊച്ചി കലൂരിലെ പ്രത്യേക പി.എം.എൽ.എ കോടതി ഉത്തരവിട്ടു.

തങ്ങൾക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതികളുടെ വാദം കോടതി പൂർണ്ണമായും തള്ളി. മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി. മൊയ്തീൻ, എം.പി കെ. രാധാകൃഷ്ണൻ, സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടങ്ങുന്ന പ്രമുഖ നേതാക്കൾക്കെതിരെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയെയും പാർട്ടി എന്ന നിലയിൽ കേസിൽ പ്രതിചേർത്തിട്ടുണ്ട്. നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾ അടുത്ത മാസം 4-ാം തീയതി കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി സമൻസ് അയച്ചു.

വ്യാജ രേഖകളും ഒരേ വസ്തുക്കൾ തന്നെ പലതവണ പണയപ്പെടുത്തിയുമാണ് കോടിക്കണക്കിന് രൂപയുടെ ബെനാമി വായ്പകൾ അനുവദിച്ചത്. തട്ടിപ്പിലൂടെ സമ്പാദിച്ച തുകയുടെ ഒരു ഭാഗം സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അറിവോടെ പാർട്ടി ഫണ്ടിലേക്കും നേതാക്കളിലേക്കും എത്തിയെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കണ്ടെത്തൽ. കേസിൽ ആകെ 180 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ.ഡി ആരോപിക്കുന്നത്. ഇതിൽ 128 കോടി രൂപയോളം ഇതിനകം തന്നെ പ്രതികളിൽ നിന്നായി കണ്ടുകെട്ടിയിട്ടുണ്ട്.

ബാങ്കിൽ തട്ടിപ്പ് നടന്ന വിവിധ കാലയളവുകളിൽ തൃശൂർ ജില്ലയിലെ സി.പി.എം സെക്രട്ടറിമാരായിരുന്ന മുതിർന്ന നേതാക്കളെ തന്നെയാണ് കോടതി ഇപ്പോൾ വിചാരണയിലേക്ക് നയിക്കുന്നത്.

Karuvannur bank fraud case: Court orders trial of all accused including CPM leaders

More Stories from this section

family-dental
witywide