
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ട വിഡിയോ സന്ദേശത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പങ്കുവെച്ച അർധരാത്രി വിഡിയോ പരിതാപകരമാണെന്നും ഇത് വിദ്യാർഥികളുടെ ബുദ്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി വിദ്യാർഥി പ്രക്ഷോഭങ്ങളും പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധവും ശക്തമാകുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി വൈകി പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്. ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും, പ്രതികൾക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി വിഡിയോയിലൂടെ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനങ്ങളെ തള്ളിക്കൊണ്ടാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികളുടെ ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പരീക്ഷാ നടത്തിപ്പിൽ പൂർണ്ണ പരാജയമാണെന്ന് തെളിഞ്ഞ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ അടിയന്തരമായി മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണം, ഡൽഹി ജന്തർ മന്തറിലും പരിസരങ്ങളിലും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസുകാർക്കെതിരെയും അധികൃതർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണം, ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തകർത്ത പരീക്ഷാ ക്രമക്കേടുകളിലും അവർ നേരിടേണ്ടി വന്ന പൊലീസ് അതിക്രമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് നേരിട്ട് മാപ്പ് പറയണം തുടങ്ങിയ ആവശ്യങ്ങൾ രാഹുൽ ആവർത്തിച്ചു.
രാജ്യത്തെ പരീക്ഷാ സമ്പ്രദായം പാടേ തകർന്നുവെന്നും ക്രിമിനലുകൾ സ്വതന്ത്രമായി വിഹരിക്കുമ്പോൾ നീതി ചോദിക്കുന്ന വിദ്യാർഥികൾ മർദനത്തിന് ഇരയാകുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. നീറ്റ് ക്രമക്കേടിനെതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) ഉൾപ്പെടെയുള്ള വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് സാധ്യത.
‘Don’t insult students by showing midnight video’; Rahul Gandhi slams PM















