മുഖ്യമന്ത്രി തർക്കം: രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച കഴിഞ്ഞു, ആന്റണിയുടെ അടക്കം അഭിപ്രായം തേടി; പ്രഖ്യാപനം ഇന്നുമില്ല, നാളെ?

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ച പൂർത്തിയായി. രാഹുൽ ഗാന്ധിയും ഖർഗെയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നിലപാടുകളും ഹൈക്കമാൻഡ് തേടി. എ.കെ. ആന്റണിയുമായി രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഫോണിൽ സംസാരിച്ചതായാണ് വിവരം. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എഐസിസി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് വ്യക്തമാക്കി.

വി.ഡി. സതീശനെ കൊടിക്കുന്നിൽ സുരേഷ് പിന്തുണച്ചതായാണ് സൂചനകൾ പുറത്തുവരുന്നത്. കൂടാതെ, മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ യുഡിഎഫിലെ ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുക്കണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ നേതാക്കളുമായും എംഎൽഎമാരുമായും നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് രാഹുൽ ഗാന്ധി ഖർഗെയ്ക്ക് കൈമാറി. സതീശൻ, വേണുഗോപാൽ, ചെന്നിത്തല എന്നിവരിൽ ആർക്കാകും നറുക്കുവീഴുക എന്നതിനെ ചൊല്ലിയുള്ള അന്തിമ ആലോചനകളിലാണ് നേതൃത്വം.

ജയറാം രമേശ് ഖർഗെയുടെ വസതിയിലെത്തി ചർച്ചകൾക്ക് ശേഷം മടങ്ങിയതോടെയാണ് പ്രഖ്യാപനം നാളത്തേക്ക് നീട്ടിയ കാര്യം വ്യക്തമായത്. എംഎൽഎമാരുടെ ഭൂരിപക്ഷാഭിപ്രായത്തിനൊപ്പം തന്നെ ഘടകകക്ഷികളുടെ താല്പര്യവും പാർട്ടിയിലെ ഐക്യവും ഉറപ്പാക്കിയാകും ഹൈക്കമാൻഡ് പേര് പുറത്തുവിടുക. ഒൻപത് ദിവസമായി തുടരുന്ന ഭരണപരമായ അനിശ്ചിതത്വത്തിന് നാളത്തെ പ്രഖ്യാപനത്തോടെ വിരാമമാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ.

Kerala CM Decision Postponed to Tomorrow Following Rahul-Kharge Meeting

More Stories from this section

family-dental
witywide