
കാസർകോട്: ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. ഷാഫി പറമ്പിൽ എ ഗ്രൂപ്പാണെങ്കിൽ അത് ലോകത്തെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. ‘ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്’ എന്ന് പറഞ്ഞ് ഇപ്പോൾ രംഗത്തുവരുന്നവർ സരിത കേസ് വന്നപ്പോൾ പ്രതിച്ഛായ നഷ്ടപ്പെടുമോ എന്ന് ഭയന്ന് ഓടിയൊളിച്ചവരാണെന്നും, ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞെന്ന് മനസ്സിലായപ്പോൾ മറുകണ്ടം ചാടിയവരാണ് ഇവരെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
സരിത കേസിൽ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ സംരക്ഷിക്കാൻ താനും സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു. കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവരെ സംരക്ഷിക്കാൻ ചാനലുകൾ കയറിയിറങ്ങിയതും താനാണ്. അവസാന നാളുകളിൽ ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ കഴക്കൂട്ടത്തുകാരൻ അഖിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് ഉമ്മൻ ചാണ്ടി കൊടുത്തയച്ച കുറിപ്പ് ചവറ്റുകുട്ടയിൽ എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ആശാനും ശിഷ്യനുമാണെന്നും, നാലു ഗർഭമുണ്ടാക്കിയവനാണ് അടൂരിലെ വീട്ടിലിരുന്ന് ഇതെല്ലാം ചെയ്യുന്നതെന്നും ഉണ്ണിത്താൻ ആഞ്ഞടിച്ചു. തനിക്കെതിരായ ആക്രമണം ചില കോൺഗ്രസ് നേതാക്കൾ ആസ്വദിക്കുന്നുണ്ടെന്നും ഇതിന് അധികം ആയുസ്സുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ‘സ്കൂൾ ഓഫ് പൊളിറ്റിക്സുകാരുടെ’ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മറിയാമ്മയുടെയും മറിയത്തിന്റെയും ചാണ്ടി ഉമ്മന്റെയും സർട്ടിഫിക്കറ്റ് മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ കാര്യങ്ങൾ തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും പെട്ടിതാങ്ങികളെക്കൊണ്ടുള്ള സൈബർ ആക്രമണം ഷാഫി നിർത്തണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ മാന്യതയുടെ മുഖംമൂടി വലിച്ചുകീറുമെന്നും, ആശാന്റെയും ശിഷ്യന്റെയും കാര്യങ്ങൾ തന്റെ ഡയറിയിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പനമ്പള്ളി നഗറിലെ ഒരു നേതാവ് കാലുപിടിച്ച് അപേക്ഷിച്ചിട്ടുണ്ടെന്നും ഒരു നേതാവിന്റെ കാറിന്റെ നമ്പർ ’20 20′ ആണെന്നുമുള്ള രണ്ട് സൂചനകൾ നൽകിയാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരണം അവസാനിപ്പിച്ചത്.
Rajmohan Unnithan Launches Sharp Attack Against Shafi Parambil; Warns of Exposing Secrets Recorded in His Diary















