
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കോതമംഗലം, മണർകാട് പള്ളികളിൽ അന്ത്യോക്യ പാത്രിയർക്കീസ് ബാവ അതിക്രമിച്ചു കയറിയ നടപടി വലിയ അപരാധവും നിയമലംഘനവുമാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭയുടെ പുരാതന പള്ളികളിൽ അവകാശമില്ലാത്തവർ അനധികൃതമായി പ്രവേശിക്കുന്നത് കവർച്ചക്കാരുടെ രീതിയാണെന്നും അതിന് മലങ്കര മെത്രാപ്പോലീത്തായ്ക്കും കാതോലിക്കായ്ക്കും അദ്ദേഹം നിയമിച്ച മെത്രാപ്പോലീത്തായ്ക്കും മാത്രമാണ് അധികാരമുള്ളതെന്നും ബാവാ വ്യക്തമാക്കി. സഭാസ്വത്തുക്കൾ കൈക്കലാക്കാനുള്ള നീക്കങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം കൈയേറ്റങ്ങൾക്ക് ഏത് സർക്കാർ ഒത്താശ ചെയ്താലും സഭ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കണ്ടനാട് ഭദ്രാസനത്തിലെ ആട്ടിൻകുന്ന് പള്ളിയിൽ സഭ കൈവശം വെച്ചിരുന്ന റബർ മരങ്ങൾ മറുവിഭാഗം വെട്ടിനശിപ്പിച്ചത് സർക്കാരിലെ ഒരു മന്ത്രിയുടെ ഒത്താശയോടെയാണെന്ന് കാതോലിക്കാ ബാവാ ആരോപിച്ചു. വാളുകൊണ്ടും മഴുക്കൊണ്ടും മരങ്ങൾ വെട്ടിനശിപ്പിച്ച ഇത്തരം കിരാത പ്രവർത്തനങ്ങൾ ചെയ്യുന്നവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യ രാജ്യത്ത് തർക്കങ്ങളുണ്ടെങ്കിൽ കോടതിയെ സമീപിച്ച് നിയമപരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും, അർഹതയില്ലാത്തിടത്ത് പാത്രിയർക്കീസ് ബാവ അതിക്രമിച്ചു കയറിയതുപോലെയാണ് ആട്ടിൻകുന്ന് പള്ളിയിലും അക്രമം നടന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിലെ നിയമങ്ങളും കോടതിവിധികളും ലംഘിച്ച് പ്രവർത്തിക്കുന്നവർ രാജ്യദ്രോഹികളാണെന്നും പാത്രിയർക്കീസ് ബാവയോ മറുവിഭാഗത്തിലെ മെത്രാന്മാരോ അത്തരം രാജ്യദ്രോഹികളായി മാറരുതെന്നും കാതോലിക്കാ ബാവാ ഓർമ്മിപ്പിച്ചു. മുൻപ് അഞ്ചോളം സഭാംഗങ്ങൾ കൊല്ലപ്പെട്ടപ്പോഴും മലങ്കര സഭ പകരം അക്രമങ്ങൾക്ക് തുനിഞ്ഞിട്ടില്ലെന്നും എപ്പോഴും സമാധാനപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സഭാംഗങ്ങൾ യാതൊരു കാരണവശാലും അക്രമത്തിനോ അടിപിടിക്കോ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Catholicos Baselios Marthoma Mathews III Slams Antioch Patriarch’s Visit to Kothamangalam and Manarcad Churches as Trespassing; Warns Against Govt Collusion















