3 മാസം കുട്ടികളെ സസ്‌പെൻഡ് ചെയ്തില്ലേ? ഇനിയും അരിശം മാറിയില്ലേ? ഇനിയെന്ത് മാപ്പ്? കാലടി സർവകലാശാലയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട ഹർജിയിൽ യൂണിവേഴ്‌സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളുടെ സസ്‌പെൻഷന് കാരണമെന്തെന്ന് ചോദിച്ച കോടതി വിഷയവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകൾ യൂണിവേഴ്‌സിറ്റി ഹാജരാക്കിയതിലും സംശയം പ്രകടിപ്പിച്ചു. ഒരു കേസിൽ രണ്ട് എഫ്‌ഐആറുകൾ നിലനിൽക്കുമോ എന്നും, മൂന്ന് മാസം കുട്ടികളെ സസ്‌പെൻഡ് ചെയ്തിട്ടും ഇനിയെന്താണ് ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.

60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ച കാര്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇനിയും എന്താണ് വേണ്ടതെന്ന് സർവകലാശാലയോട് ആരാഞ്ഞു. ‘ഇനിയും അരിശം തീർന്നില്ലേ’ എന്ന കുഞ്ചൻ നമ്പ്യാരുടെ കവിത ഉദ്ധരിച്ചായിരുന്നു കോടതിയുടെ പ്രതികരണം. സസ്‌പെൻഷനിലൂടെ ഇതിനകം തന്നെ കുട്ടികൾ ബുദ്ധിമുട്ടി കഴിഞ്ഞതായും കോടതി നിരീക്ഷിച്ചു.

അതേസമയം വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ പൂർണമായും അംഗീകരിക്കുകയല്ലെന്നും അവർ ചെയ്തത് ന്യായീകരിക്കാവുന്നതാണെന്ന് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇപ്പോഴത്തെ രാഷ്ട്രീയക്കാർ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ആരാഞ്ഞ കോടതി, കേസിൽ മറ്റന്നാൾ വിശദമായി വാദം കേൾക്കുമെന്നും അറിയിച്ചു.

More Stories from this section

family-dental
witywide