
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 60 ദിവസത്തിലധികമായി തുടരുന്ന വിദ്യാർഥികളുടെ സസ്പെൻഷൻ നടപടി ഭാഗികമായി പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. സസ്പെൻഡ് ചെയ്ത 16 വിദ്യാർഥികളിൽ 12 പേരുടെ സസ്പെൻഷനാണ് പിൻവലിക്കാൻ തീരുമാനമായത്. എന്നാൽ ഇവർ സർവകലാശാലയ്ക്ക് മാപ്പപേക്ഷ നൽകിയാൽ മാത്രമേ സസ്പെൻഷൻ നടപടികൾ പൂർണ്ണമായി ഒഴിവാക്കൂ. അതിനിടെ സസ്പെൻഷനിൽ തുടരവേ ക്യാമ്പസിൽ പ്രവേശിച്ചുവെന്ന കാരണത്താൽ ശ്യാംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നീ 4 വിദ്യാർഥികളുടെ സസ്പെൻഷൻ തുടർന്നും നിലനിൽക്കും.
ഓഗസ്റ്റ് 13-ന് നടന്ന സമരത്തിനിടെ വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് 16 വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നത്. സസ്പെൻഷൻ പിൻവലിക്കാത്തതിനെ തുടർന്ന് ഇന്ന് വൈകുന്നേരം മുതൽ നിരാഹാര സമരം ആരംഭിക്കാൻ ഇരിക്കവെയാണ് സിൻഡിക്കേറ്റിന്റെ ഈ നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ സർവകലാശാല ക്യാമ്പസിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.
അതേസമയം, സസ്പെൻഷൻ പിൻവലിച്ച 12 പേർക്ക് വരാനിരിക്കുന്ന പരീക്ഷകൾ എഴുതാനാകുമോ എന്ന കാര്യത്തിൽ നാളെ വരുന്ന ഹൈക്കോടതി വിധിയിലാണ് അന്തിമ തീരുമാനമുണ്ടാവുക. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും വിദ്യാർഥികൾക്ക് മതിയായ ഹാജറില്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല അപ്പീൽ നൽകുകയായിരുന്നു. പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്.
Kalady Varsity Suspensions: Syndicate to Reclaim 12 Students Upon Apology; 4 Remain Suspended















