
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പാകിസ്ഥാൻ ഫീൽഡ് മാർഷൽ ജനറൽ അസിം മുനീർ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. അമേരിക്കൻ ഭരണകൂടത്തിന്റെ പ്രത്യേക സന്ദേശവുമായി ഒരു ഉന്നതതല പ്രതിനിധി സംഘത്തെ നയിച്ചാണ് അദ്ദേഹം ഇറാനിലെത്തിയതെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ആഴ്ച ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞ സാഹചര്യത്തിൽ, രണ്ടാം ഘട്ട ചർച്ചകൾക്കുള്ള സാധ്യതകളാണ് ഈ കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുക. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നിർണ്ണായകമായ പലതും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് അസിം മുനീറിന്റെ ടെഹ്‌റാൻ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. പാകിസ്താൻ മുഖേന ഇരുരാജ്യങ്ങളും സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. വെടിനിർത്തൽ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ, മേഖലയിലെ സമാധാന ശ്രമങ്ങളിൽ ഈ കൂടിക്കാഴ്ച എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.















