
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്ന് കിഫ്ബി (KIIFB) ഫണ്ട് വിനിയോഗത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. മുൻ എൽ.ഡി.എഫ്. സർക്കാരിൻ്റെ രാഷ്ട്രീയ പ്രചാരണത്തിനായി കിഫ്ബിയിൽ നിന്ന് 240 കോടി രൂപ ചെലവഴിച്ചതായാണ് ധനവകുപ്പിൻ്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഇതിൽ 140 കോടി രൂപയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വിപുലമായ പ്രചാരണങ്ങൾക്കായാണ് ഉപയോഗിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിനായി ഉയർന്ന പലിശയ്ക്ക് വിപണിയിൽ നിന്ന് കടമെടുക്കുന്ന പണമാണ് ഇത്തരത്തിൽ ചട്ടങ്ങൾ ലംഘിച്ച് വകമാറ്റിയതെന്ന് ധനവകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കിഫ്ബിയുടെ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കുക എന്ന വ്യാജേന സർക്കാരിൻ്റെ രാഷ്ട്രീയ പരസ്യങ്ങളാണ് ഈ തുക ഉപയോഗിച്ച് നൽകിയത്. കൺസൾട്ടൻസി സർവീസുകളുടെ പേരിൽ ഇലക്ഷൻ സർവേകളും വിവരശേഖരണവും നടത്താൻ കിഫ്ബി പണം ഉപയോഗിച്ചതായും സൂചനയുണ്ട്.
മാധ്യമ പ്രചാരണങ്ങൾക്കായി കോടികളാണ് ഒഴുക്കിയത്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾക്കായി മാത്രം 10.31 കോടി രൂപയും, ഓൺലൈൻ മാധ്യമങ്ങളിൽ സർക്കാരിന് അനുകൂലമായ വാർത്തകൾ നൽകുന്നതിനായി 4.41 കോടി രൂപയും ചെലവഴിച്ചു. കൂടാതെ ദേശീയപാതകളിൽ വലിയ ഹോർഡിംഗുകൾ സ്ഥാപിക്കുന്നതിനായി 4.27 കോടി രൂപയും കിഫ്ബി ഫണ്ടിൽ നിന്ന് നൽകിയിട്ടുണ്ട്. ഇത്തരം ധനവിനിയോഗങ്ങൾക്ക് അനുകൂലമായി യാതൊരുവിധ സർക്കാർ ഉത്തരവുകളും നിലവിലുണ്ടായിരുന്നില്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
ധനവകുപ്പ് തയ്യാറാക്കിയ ഈ പ്രാഥമിക പരിശോധനാ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഈ ചെലവഴിക്കലുകൾ നിയമപ്രകാരം കിഫ്ബിക്ക് ചെയ്യാൻ സാധിക്കുന്നതാണോയെന്ന് വിശദമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. തുക ഏതെല്ലാം അക്കൗണ്ട് ഹെഡുകളിലാണ് രേഖപ്പെടുത്തിയത്, ഏതെല്ലാം ഏജൻസികൾക്കാണ് കൈമാറിയത് എന്നിവയെക്കുറിച്ചുള്ള അന്വേഷണം ധനവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.













