മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര: സ്വകാര്യ വിമാനം കർണാടക മന്ത്രി കെ.ജെ. ജോർജിൻ്റെ കുടുംബത്തിൻ്റേത്; വിവാദം പുകയുന്നു

തിരുവനന്തപുരം: കനത്ത മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും ഊർജ്ജ-ടൂറിസം മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ‘കേളചന്ദ്ര ഏവിയേഷൻ’ കമ്പനിയുടേതാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ദുരന്തമേഖല സന്ദർശിക്കാൻ കമ്പനി ഈ വിമാനം സൗജന്യമായാണ് വിട്ടുനൽകിയതെന്നും സംസ്ഥാന ഖജനാവിന് ഇതിലൂടെ യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്നെത്തിച്ച ‘എംബ്രയർ ഇ.എം.ബി-500 ഫേനം 100’ എന്ന ചെറുവിമാനത്തിലാണ് മുഖ്യമന്ത്രി അടിയന്തര യാത്ര നടത്തിയത്. വിമാനം പറത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഓപ്പറേഷൻ ചുമതല ‘ചിപ്സൺ ഏവിയേഷൻ’ എന്ന കമ്പനിക്കായിരുന്നു.

പൊലീസ് ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതിനാലാണ് മലപ്പുറത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ വിമാനത്തെ ആശ്രയിക്കേണ്ടി വന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. പൊതുപണം ഒന്നുപോലും ചെലവഴിച്ചിട്ടില്ലാത്തതിനാൽ യാത്രയിൽ യാതൊരു തെറ്റുമില്ലെന്നും, ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഇനിയും സ്വകാര്യ സഹായങ്ങൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ശക്തമായി ന്യായീകരിച്ചു.

എന്നാൽ, യാത്രയുടെ സ്പോൺസർഷിപ്പിനെതിരെ എൽ.ഡി.എഫ് വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന് കഴിഞ്ഞ മൂന്ന് വർഷമായി ഹെലികോപ്റ്റർ സേവനം നൽകിയിരുന്ന ചിപ്സൺ ഏവിയേഷൻ, പുതിയ കരാർ പുതുക്കി വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അവരുടെ നിയന്ത്രണത്തിലുള്ള വിമാനത്തിൽ മുഖ്യമന്ത്രി സൗജന്യ യാത്ര നടത്തിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഇത് സുതാര്യതയില്ലായ്മയും കോർപ്പറേറ്റ് പ്രീണനവുമാണെന്ന് സി.പി.എം നേതാവ് പി. രാജീവ് ഉൾപ്പെടെയുള്ളവർ ആരോപിച്ചു. വിമാനം നൽകിയ സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതും ഒളിച്ചുകളിയാണെന്ന് എൽ.ഡി.എഫ് കൺവീനറും കുറ്റപ്പെടുത്തി.

Chief Minister’s Malappuram trip: Private jet belongs to Karnataka Minister K.J. George’s family

Also Read

More Stories from this section

family-dental
witywide