പ്രഖ്യാപനങ്ങൾ വെള്ളത്തിൽ; കാലവർഷക്കെടുതിയിൽ സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നു, വീട് വൃത്തിയാക്കുന്നതിനായി അനുവദിച്ച 10,000 രൂപ കടലാസിലൊതുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുമ്പോഴും ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായ വിതരണം ചുവപ്പുനാടയിൽ കുരുങ്ങി വൈകുന്നു. വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടി വന്നവർക്ക്, വീട് വൃത്തിയാക്കുന്നതിനായി അനുവദിച്ച 10,000 രൂപയുടെ പ്രാഥമിക സഹായം ഇതുവരെ ഒരാൾക്ക് പോലും ലഭ്യമായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലെ അപ്രായോഗിക വ്യവസ്ഥകളും അവ്യക്തതകളുമാണ് ജനങ്ങൾക്ക് കൃത്യസമയത്ത് സഹായം ലഭിക്കുന്നതിന് തടസ്സമാകുന്നത്.

റേഷൻ കാർഡ് ഒന്നിന് 10,000 രൂപ വീതം അടിയന്തര സഹായം നൽകുമെന്നാണ് ദുരന്തനിവാരണ വകുപ്പിൻ്റെ ഉത്തരവ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാത്തവർക്കും വില്ലേജ് ഓഫീസറുടെ പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സഹായം നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും ഇത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ കൃത്യമായ മാർഗ്ഗരേഖയില്ല. വെള്ളം കയറിയ വീടുകൾ നേരിട്ട് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കേണ്ട വില്ലേജ് ഓഫീസർമാർക്ക് ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവോ സമയക്രമമോ ഇതുവരെ ലഭിച്ചിട്ടില്ല. ദുരിതബാധിതരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള നിശ്ചിത അപേക്ഷാ ഫോം പോലും ഇതുവരെ റവന്യൂ വകുപ്പ് തയ്യാറാക്കിയിട്ടില്ലെന്നത് ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു.

ഫണ്ട് എവിടെ നിന്ന്? ആശയക്കുഴപ്പത്തിൽ കളക്ടർമാർ

2018-ലെ മഹാപ്രളയത്തിന് ശേഷം ഇത്തരത്തിൽ 10,000 രൂപ ധനസഹായം നൽകിയപ്പോൾ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 6,200 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3,800 രൂപയും ചേർത്താണ് തുക കണ്ടെത്തിയിരുന്നത്. എന്നാൽ ഇത്തവണത്തെ ഉത്തരവിൽ ഏത് അക്കൗണ്ടിൽ നിന്നാണ് തുക അനുവദിക്കേണ്ടതെന്ന വ്യക്തമായ പരാമർശമില്ല. സാങ്കേതികമായ ഈ അവ്യക്തത കാരണം ജില്ലാ കളക്ടർമാർക്ക് ഫണ്ട് കൈമാറാൻ കഴിയുന്നില്ലെന്ന് റവന്യൂ അധികൃതർ തന്നെ സമ്മതിക്കുന്നു.

പുറമ്പോക്ക് ഭൂമിയിലും താൽക്കാലിക ഷെഡ്ഡുകളിലും താമസിക്കുന്ന, പ്രകൃതിക്ഷോഭത്തിൽ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങളുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നില്ല. റേഷൻ കാർഡ് ഇല്ലാത്തവരെ ധനസഹായത്തിന് പരിഗണിക്കില്ലെന്ന സൂചനകൾ ഈ മേഖലകളിൽ താമസിക്കുന്ന നിർധനരായ കുടുംബങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

വ്യാപാരികൾക്കും വാടകക്കാർക്കും ദുരിതം

നാശനഷ്ടം സംഭവിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും അംഗീകൃത ഹോംസ്റ്റേകൾക്കും 10,000 രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിലും വ്യക്തത കുറവുണ്ട്. ഈ തുക കെട്ടിടത്തിൻ്റെ ഉടമയ്ക്ക് ആണോ അതോ അവിടെ വ്യാപാരം നടത്തുന്ന വാടകക്കാരനാണോ നൽകേണ്ടതെന്ന് ഉത്തരവിൽ പറയുന്നില്ല. വാടകവീടുകളിൽ താമസിച്ച് വെള്ളപ്പൊക്കത്തിൽ വീട്ടുസാധനങ്ങൾ നഷ്ടപ്പെട്ട സാധാരണക്കാരുടെ കാര്യത്തിലും ഇതേ ആശയക്കുഴപ്പം നിലനിൽക്കുന്നു.

പ്രഖ്യാപിച്ച അലവൻസും വിതരണം ചെയ്തില്ല

ഓരോ കുടുംബത്തിനും ഒരു റേഷൻ കാർഡിന് (രണ്ടു മുതിർന്ന വ്യക്തികൾക്ക്) ദിവസം 300 രൂപ വീതം ഏഴു ദിവസത്തേക്ക് ജീവനാംശമായി അനുവദിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക ആരാണ് വിതരണം ചെയ്യേണ്ടതെന്നോ, ഏത് മാർഗ്ഗത്തിലൂടെയാണ് ജനങ്ങളിലേക്ക് എത്തിക്കേണ്ടതെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും വില്ലേജ്, താലൂക്ക് ഓഫീസുകൾക്ക് വ്യക്തത വന്നിട്ടില്ല. ദുരിതക്കയത്തിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ജനങ്ങൾക്ക് സർക്കാരിൻ്റെ അടിയന്തര ഇടപെടലും ഉത്തരവുകളിലെ തിരുത്തലുകളും അനിവാര്യമായിരിക്കുകയാണ്.

The emergency financial assistance announced by the government in the wake of the monsoon is being delayed, even the Rs 10,000 allocated for cleaning houses is stuck on paper

More Stories from this section

family-dental
witywide