
വാഷിംഗ്ടൺ: ഓസംപിക്, വെഗോവി തുടങ്ങിയ പ്രശസ്തമായ പ്രമേഹ-വണ്ണം കുറയ്ക്കൽ മരുന്നുകളുടെ ലേബലിൽ പുതിയ മുന്നറിയിപ്പ് ഉൾപ്പെടുത്താൻ യുഎസ് ആരോഗ്യ റെഗുലേറ്റർമാർ തീരുമാനിച്ചു. അപൂർവ്വമായ സന്ദർഭങ്ങളിൽ സ്ഥിരമായ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയേക്കാവുന്ന ഒരു പാർശ്വഫലത്തെക്കുറിച്ചാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കായി ഉപയോഗിക്കുന്ന ജി.എൽ.പി-1 വിഭാഗത്തിൽപ്പെട്ട എല്ലാ മരുന്നുകളുടെയും ലേബലിലാണ് ഈ പുതിയ അപകടസാധ്യത രേഖപ്പെടുത്തുന്നത്. സെപ്ബൗണ്ട്, മൗഞ്ജാരോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള എല്ലാ കുത്തിവെപ്പ് മരുന്നുകളിലും ഗുളികകളിലും ഈ മാറ്റം ബാധകമാകും.
എൻഎഐഒഎൻ എന്ന് വിളിക്കുന്ന നേത്രരോഗമാണ് ഇതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ളത്. ഒപ്റ്റിക് നാർവിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഈ പ്രശ്നത്തിന് കാരണം. എന്നാൽ ഇതിന്റെ കൃത്യമായ കാരണം പൂർണ്ണമായും വ്യക്തമല്ലെന്ന് എഫ്‍ഡിഎ അറിയിച്ചു. നോവോ നോർഡിസ്കിന്റെ ഓസംപിക്, വെഗോവി എന്നിവയിലെ പ്രധാന ഘടകമായ സെമാഗ്ലൂടൈഡ് ഉപയോഗിക്കുന്ന രോഗികളിൽ ഈ അവസ്ഥ കണ്ടെത്തിയതിനെത്തുടർന്നാണ് 2024-ലെ ഒരു മെഡിക്കൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഡി.എ അന്വേഷണം ആരംഭിച്ചത്.
അതേസമയം, ജി.എൽ.പി-1 മരുന്നുകൾ കഴിക്കുന്നവരിൽ ഈ രോഗാവസ്ഥ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് തെളിവുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, മരുന്നുകൾ കഴിക്കുന്നത് തടയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഈ വിഷയത്തിൽ പഠനം നടത്തിയ ന്യൂറോ-ഓഫ്താൽമോളജിസ്റ്റ് ഡോ. ജോസഫ് റിസ്സോ വ്യക്തമാക്കി. വലിയൊരു വിഭാഗം ആളുകൾക്ക് ഈ മരുന്നുകൾ വലിയതോതിൽ ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി.എൽ.പി-1 മരുന്നുകൾ ഉപയോഗിക്കാത്തവരിലും ഈ രോഗാവസ്ഥ കാണപ്പെടാറുണ്ട്.















