കരുവാറ്റയിലെ വയോധികൻ്റെ കൊലപതാകം; ഐ ഫോണും ബൈക്കും വാങ്ങുന്നതിനായി ക്വട്ടേഷൻ കൊടുത്തത് 13 കാരിയായ ചെറുമകൾ

കരുവാറ്റ: ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (65) യുടെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ ബന്ധുവായ 13-വയസുകാരിയടക്കം പ്രായപൂർത്തിയാകാത്ത നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്ലം സ്വദേശികളായ മൂന്നുപേരാണ് 13-കാരി നൽകിയ ക്വട്ടേഷൻ ഏറ്റെടുത്തത്. കൊലപാതകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അപഹരിച്ചിട്ടുണ്ട്. അപഹരിച്ച സ്വർണം വിറ്റിട്ട് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനാണ് ലക്ഷ്യമിട്ടതെന്നാണ് പറയുന്നത്.

കൊലപാതക ദൃശ്യമടക്കം ബന്ധുവായ പെൺകുട്ടിയെ പ്രതികൾ വീഡിയോ കോളിലൂടെ കാണിച്ചുനൽകിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, മോഷണ ശ്രമം ചെറുത്തപ്പോഴാണോ കൊലപാതകമെന്നത് പോലീസ് അന്വേഷിക്കുകയാണ്. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര, എസ്.പി. ടി.കെ. വിഷ്‌പ്രദീപ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.അതേസമയം, ഞായറാഴ്‌ച രാത്രിയിലായിരുന്നു കൊലപാതകമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻകുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തിൽ തുണി മുറുക്കിയ പാടുണ്ടായിരുന്നു. കഴുത്തുഞെരിച്ചു കൊന്നതായാണു മനസ്സിലായതെന്നും ഒന്നിലധികംപേർ കൃത്യത്തിൽ പങ്കെടുത്തതായാണ് സൂചനയെന്നും തിങ്കളാഴ്‌ച പോലീസ് വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന വീട് ഒറ്റപ്പെട്ട സ്ഥലത്താണ്. പ്രാഥമിക പരിശോധനയിൽ വീട്ടിൽനിന്ന് ആറുപവൻ സ്വർണം നഷ്ടപ്പെട്ടതായാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരകളെല്ലാം കുത്തിത്തുറന്നിട്ടുണ്ട്. ശിവൻകുട്ടിയുടെ കൈകാലുകൾ വീട്ടിലെ തുണിയുപയോഗിച്ചാണ് കെട്ടിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിലെ മുറികളിലെല്ലാം മുളകുപൊടി വിതറിയിരുന്നു. പ്രതികൾ മുളക് പൊടി എടുത്തിരിക്കുന്നത് വീടിന്റെ അടുക്കളയിൽനിന്ന് തന്നെയാണ്. മുൻഭാഗത്ത് കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിനാൽ ആളുകളുടെ ശ്രദ്ധയെത്തില്ല.

പോലീസ് പരിശോധനയിൽ പോലീസ് നായ ആദ്യം ഓടിയെത്തിയത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിലേക്കാണ്. ഇതിനെ തുടർന്ന് ഈ വീടുമായി സഹകരിച്ചവരെ ചോദ്യംചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള ശിവൻകുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.കൊല്ലം സ്വദേശികളായ ശിവൻകുട്ടിയും കുടുംബവവും ഇരണ്ടുവർഷം മുൻപാണ് കരുവാറ്റയിൽ താമസം തുടങ്ങിയത്. വാടകവീടിനു തൊട്ടടുത്ത് സ്ഥലംവാങ്ങി രണ്ടു പെൺമക്കൾക്കായി വീടു പണിയുന്നുണ്ട്. ഒരുവീടിന്റെ പണി ഏകദേശം പൂർത്തിയായി. രണ്ടാമത്തെ വീടിന്റെ പണി പുരോഗമിക്കുകയാണ്.

സംഭവം നടക്കുമ്പോൾ ശിവൻകുട്ടിയുടെ മകൾ ശ്രീകലയെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ സരസ്വതിയും വണ്ടാനത്തായിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്നതിനാൽ വിദ്യാർഥിനിയായ ചെറുമകൾ കവറാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ശിവൻകുട്ടിക്ക് മൂന്നുമക്കളാണ്. മകൻ നേരത്തേ മരിച്ചു. മറ്റൊരു മകൾ ശശികല വിദേശത്താണ്.

Murder of elderly man in Karuvatta: 13-year-old granddaughter commissioned the crime to buy an iPhone and a bike.

More Stories from this section

family-dental
witywide