‘പയ്യന്നൂരിൽ ഷെഡ് മാത്രമല്ല, അതിന് അടിയിലുള്ളതും മാന്തിയെടുക്കാൻ സിപിഎമ്മിന് ശേഷിയുണ്ട്’, പ്രകോപന പ്രസംഗവുമായി ജില്ലാ സെക്രട്ടറി കെകെ രാഗേഷ്

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുന്നതിനിടെ പ്രകോപനപരമായ പരാമർശവുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല, അതിന് അടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു. കൂടാതെ, ആരോപണങ്ങൾ ശരിയാണെന്ന് പൊതുജനം വ്യാഖ്യാനിക്കാതിരിക്കാനാണ് പയ്യന്നൂരിലെ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, പയ്യന്നൂരിൽ സി.പി.എം. ബോധപൂർവം അക്രമവും പ്രശ്നങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. പ്രദേശത്ത് ഇതുവരെ 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 21 കേസുകളും തനിക്കെതിരെ നടന്ന അക്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും ഒരു കേസ് മാത്രമാണ് സി.പി.എമ്മിനെതിരെ ഉള്ളതെന്നും അക്രമികളെ പരോക്ഷമായി സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ പയ്യന്നൂരിൽ അക്രമ സംഭവങ്ങൾ ആരംഭിച്ചിരുന്നുവെന്നും അതിന് കൂടുതൽ കോപ്പുകൂട്ടുകയാണ് സി.പി.എം. ജില്ലാ സെക്രട്ടറിയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. വെള്ളൂരിലെ തന്റെ വീട്ടിൽ പൂച്ചട്ടികൾ തകർത്ത സംഭവത്തിൽ പ്രതി പിടിയിലായ കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, കള്ളൻ കപ്പലിലാണെങ്കിൽ പിടിക്കപ്പെടണമെന്നും വ്യക്തമാക്കി. പയ്യന്നൂരിൽ സമാധാനം നിലനിർത്താൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, താൻ യു.ഡി.എഫ്. അല്ലെന്നും സ്വതന്ത്രനായി നിലകൊള്ളുകയാണെന്നും ആവർത്തിച്ചു.

KK Ragesh Makes Provocative Remarks; V Kunjikrishnan Accuses CPM of Stirring Violence in Payyannur

More Stories from this section

family-dental
witywide