സിപിഎമ്മിൽ കരുത്തനായി ‘കണ്ണൂരിൻ ചെന്താരകം’, സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള പിജെയുടെ അപ്രതീക്ഷിത എൻട്രി, പാർട്ടിയിലെ ശക്തി സമവാക്യങ്ങളിലും മാറ്റത്തിന് സാധ്യത

സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള അപ്രതീക്ഷിത തിരിച്ചുവരവോടെ പാർട്ടിയിൽ വീണ്ടും ശക്തനായി മാറിയിരിക്കുകയാണ് പി. ജയരാജൻ. നിർണ്ണായക നേതൃസ്ഥാനങ്ങളിൽ നിന്ന് ഏറെക്കാലം അകറ്റി നിർത്തിയ ശേഷം, മുൻനിര നേതൃത്വത്തിലേക്ക് പി.ജെയെ എത്തിക്കുന്നത് തിരുത്തൽ പാതയിലുള്ള സി.പി.എമ്മിന്റെ പ്രധാന തന്ത്രമാണ്. അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ ആടിയുലഞ്ഞ അണികളിൽ വീണ്ടും ആവേശവും വീര്യവും നിറയ്ക്കാൻ കണ്ണൂരിലെ സാധാരണ പ്രവർത്തകർക്കിടയിൽ സ്വീകാര്യതയുള്ള പി. ജയരാജന്റെ വരവ് സഹായിക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.

പാർട്ടി ഉന്നത പദവികളിൽ നിന്നും മാറ്റിനിർത്തപ്പെട്ടിരുന്ന ജയരാജന് അണികളുടെ ഭാഗത്തുനിന്ന് എന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ആക്രമണങ്ങളെ അതിജീവിച്ച പോരാട്ടവീര്യവും ആർ.എസ്.എസിനെതിരായ പ്രതിരോധനിരയിലെ മുന്നണിപ്പോരാളിയെന്ന പ്രതിച്ഛായയും അദ്ദേഹത്തിന് പ്രവർത്തകർക്കിടയിൽ വലിയ ജനപ്രീതി നൽകി. മുൻപ് തളിപ്പറമ്പ്, പയ്യന്നൂർ തർക്കങ്ങളിലും അക്രമ കേസുകളിൽ പ്രതിക്കൂട്ടിലായപ്പോഴും ആർമി- വ്യക്തിപൂജാ വിവാദങ്ങളിലുമെല്ലാം പാർട്ടി വടിയെടുത്തപ്പോഴും അണികൾക്കിടയിൽ പി.ജെയുടെ സ്ഥാനം ഒട്ടും കുറഞ്ഞിരുന്നില്ല.

ഖാദി ബോർഡ് ചെയർമാൻ സ്ഥാനത്തൊതുങ്ങിയ പി. ജയരാജനെ ഒടുവിൽ ഉപരി കമ്മിറ്റിയിലേക്ക് പാർട്ടി തിരിച്ചുകൊണ്ടുവരുമ്പോൾ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം പാർട്ടിക്ക് അടിതെറ്റിയ കണ്ണൂരിലെയും പ്രത്യേകിച്ച് തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലെയും സംഘടനാ സംവിധാനങ്ങൾ ശക്തമായി തിരിച്ചുപിടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ജനകീയ അടിത്തറയുള്ള നേതാവ് എന്ന നിലയിൽ സെക്രട്ടറിയേറ്റിലെ പി. ജയരാജന്റെ സാന്നിധ്യം സി.പി.എമ്മിലെ ശക്തി സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ഉറപ്പാണ്. സംഘടനാപരമായ ഈ പുനർജന്മം തഴയപ്പെട്ടു എന്ന അണികളുടെ പരാതിക്ക് പരിഹാരമാകുന്നതോടൊപ്പം പാർട്ടി ഘടനയെ കൂടുതൽ കരുത്തുറ്റതാക്കുകയും ചെയ്യും.

P Jayarajan Inducted into CPM State Secretariat; A Strategic Move to Reenergize Party Cadres

More Stories from this section

family-dental
witywide