വീഴ്ചകൾ ഉണ്ടെങ്കിൽ സ്വയം തിരുത്തും, നേതാക്കളുടെ സ്വത്ത് പരിശോധിക്കാൻ സിപിഎം, തെറ്റുതിരുത്തൽ അതിവേഗമാക്കാൻ തീരുമാനം

തിരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ചേർന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ സംഘടനാതലത്തിൽ നിർണ്ണായകമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് തുടക്കമിടാൻ സി.പി.എം. തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാർട്ടി നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തും ബെനാമി ഇടപാടുകളും കർശനമായി പരിശോധിക്കും. നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ ആദ്യം ഓഡിറ്റ് ചെയ്ത ശേഷം പരിശോധന ജില്ലാ നേതാക്കളിലേക്കും വ്യാപിപ്പിക്കും. കൂടാതെ സഹകരണ ബാങ്കുകളിൽ നിന്ന് വലിയ തുക വായ്പയെടുത്ത പാർട്ടി നേതാക്കൾ അത് തിരിച്ചടച്ചില്ലെങ്കിൽ കടുത്ത പാർട്ടി നടപടി നേരിടേണ്ടിവരുമെന്നും, വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ എല്ലാ വർഗ്ഗ ബഹുജന സംഘടനകളിലും യൂണിറ്റ് തലം മുതൽ ഒരു വനിതാ ഭാരവാഹിയെയെങ്കിലും ഉൾപ്പെടുത്തണമെന്നും യോഗം നിർദ്ദേശിച്ചു.

ഇ.എം.എസ്., വി.എസ്., നായനാർ തുടങ്ങിയ മുൻനിര നേതാക്കളെല്ലാം മുൻകാലങ്ങളിൽ തങ്ങൾക്ക് പറ്റിയ തെറ്റുകൾ തിരുത്തിയാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, താനും പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വയം തിരുത്തുമെന്നും ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. വരാനിരിക്കുന്ന വിശാല ജില്ലാ സമിതി യോഗങ്ങളിൽ കുറഞ്ഞത് മൂന്ന് പി.ബി. അംഗങ്ങളും എട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും നേരിട്ട് പങ്കെടുത്ത് തെറ്റുതിരുത്തൽ പ്രക്രിയയും സംഘടനാ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്താനും പാർട്ടി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

അതേസമയം പാർട്ടിയെ തകർക്കാൻ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ച് കേന്ദ്ര ഏജൻസിയായ ഇ.ഡി. നടത്തുന്ന കള്ളപ്രചാരണങ്ങൾക്കെതിരെയും വർഗീയ ശക്തികൾക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിശാല സമിതി യോഗത്തിൽ തനിക്കെതിരെയും വിമർശനങ്ങൾ ഉയർന്നതായി സമ്മതിച്ച അദ്ദേഹം, എന്നാൽ പി.ബി.യുടെ പരസ്യ ശാസനയെക്കുറിച്ചുള്ള മാധ്യമ ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. കേന്ദ്ര ഏജൻസികളുടെ കടന്നാക്രമണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മൂന്ന് പ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.

CPM Directs Asset Audits for Leaders, Sets Rectification Process; MV Govindan Pledges Fight Against ED

Also Read

More Stories from this section

family-dental
witywide