കനത്ത കാറ്റിലും മഴയിലും ഡൽഹി വിമാനത്താവളത്തിൽ വൻനാശം; എസ്കലേറ്റർ ഇടിച്ച് മൂന്ന് വിമാനങ്ങൾക്ക് കേടുപാട്

ന്യൂഡൽഹി: കനത്ത കാറ്റിലും മഴയിലും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻനാശം. കാറ്റിൽ തെന്നിമാറിയ എസ്‌കലേറ്റർ ഇടിച്ച് മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ടെർമിനൽ രണ്ടിലെ പാർക്കിങ് ബേയിൽ (ബേ 230) നിർത്തിയിട്ടിരുന്ന നാരോബോഡി വിമാനങ്ങളിലാണ് ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ ഇടിച്ചത്. ഞായറാഴ്ച വൈകുന്നേരം 4.40-ഓടെയായിരുന്നു അപകടം.

ശക്തമായ കാറ്റിൽ വിമാനത്തിലേക്ക് യാത്രക്കാരെ കയറ്റാൻ ഉപയോഗിക്കുന്ന ചക്രങ്ങൾ ഘടിപ്പിച്ച സ്റ്റെപ്പ് ലാഡറുകൾ (എസ്‌കലേറ്റർ) നിയന്ത്രണം വിട്ട് റൺവേയിലൂടെ നീങ്ങുകയും വിമാനങ്ങളിൽ ഇടിക്കുകയുമായിരുന്നു. സാധാരണഗതിയിൽ ലോക്ക് ചെയ്തു വെക്കുന്ന ഇത്തരം ഗോവണികൾ അതിശക്തമായ കാറ്റിൻ്റെ മർദത്തിൽ ലോക്ക് തെറ്റി നീങ്ങുകയായിരുന്നു. നിയന്ത്രണംവിട്ട് നീങ്ങുന്ന ഗോവണി തടയാൻ വിമാനത്താവള ജീവനക്കാർ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, കാറ്റിന്റെ വേഗതയെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളിൽനിന്ന് മുൻകൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാൽ ഗ്രൗണ്ട് സ്റ്റാഫിന് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിച്ചില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മേഖലയിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 101 കിലോമീറ്റർ ആണ് രേഖപ്പെടുത്തിയത്. വിമാനങ്ങൾക്കുണ്ടായ കേടുപാടുകൾ പരിഹരിച്ചതായും സർവീസ് പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.

Heavy winds and rain cause major damage at Delhi airport; escalator hits, damages three planes

More Stories from this section

family-dental
witywide