
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഇടത് മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ പോലൊരു സംഘടനാ നേതാവാകാൻ എം വി ഗോവിന്ദന് സാധിച്ചില്ലെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്. പ്രത്യേകിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു.
അധികാരം നിലനിർത്താനുള്ള സമീപനം പാർട്ടിയിലും മുന്നണിയിലും വിള്ളലുകൾ സൃഷ്ടിച്ചതായും വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് യോഗത്തിൽ പങ്കെടുത്ത നിരവധി നേതാക്കൾ അഭിപ്രായപ്പെട്ടു. പിണറായിയും എം വി ഗോവിന്ദനും ചേർന്നുള്ള ഒരു “കോക്കസ്” ആണ് നിലവിൽ സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്ന ആരോപണവും ഉയർന്നു.
തിരഞ്ഞെടുപ്പിൽ സിപിഐ പ്രവർത്തകർ വ്യാപകമായി യുഡിഎഫിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതാണ് പല ചുവപ്പുകോട്ടകളും തകർന്നതിന് കാരണമെന്ന സൂചന ജോസ് കെ മാണി യോഗത്തിൽ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനം തിരിച്ചടിയായെന്നും അത് വിജയസാധ്യതയെ ബാധിച്ചുവെന്നുമുള്ള വിമർശനങ്ങളും യോഗത്തിൽ ഉയർന്നു. അതേസമയം, മുന്നണി തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പരസ്യമായി ഉന്നയിച്ചതിലും അവ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിലും സിപിഎം നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കോടിയേരിയെ അനുകൂലിച്ചുള്ള പോസ്റ്റുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.













