പിണറായിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തന കേസ്: അജിത് കുമാറിനെതിരായ റിപ്പോർട്ടിൽ നിയമോപദേശം തേടി ഡിജിപി; നടപടി വൈകുന്നതിൽ സതീശൻ സർക്കാരിന് വിമർശനം

ആലപ്പുഴയിലെ വിവാദമായ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടി. എസ്ഐടി റിപ്പോർട്ട് സമർപ്പിച്ച് 18 ദിവസം കഴിഞ്ഞിട്ടും തുടർന്നടപടികൾ വൈകുന്നതിൽ വ്യാപക വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെയാണ് പൊലീസ് നേതൃത്വത്തിന്റെ ഈ പുതിയ നീക്കം. കേസ് ഡയറി തിരുത്തിയതിലടക്കം എഡിജിപിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളടങ്ങിയ റിപ്പോർട്ടാണ് കഴിഞ്ഞ മാസം 23-ന് എസ്ഐടി ഡിജിപിക്ക് കൈമാറിയത്.

എഡിജിപിക്കെതിരെ ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആഭ്യന്തര വകുപ്പിൽ നിന്ന് അസാധാരണമായ മെല്ലെപ്പോക്കാണ് ദൃശ്യമായത്. റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന സാങ്കേതിക ന്യായീകരണമാണ് ആഭ്യന്തരമന്ത്രി ആവർത്തിച്ചിരുന്നത്. എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എഡിജിപിക്കെതിരെ റിപ്പോർട്ട് നൽകിയതെന്നും അതിനാൽ തുടർന്നടപടികൾക്ക് നിയമോപദേശം അത്യാവശ്യമാണെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. എഡിജിപിയുടെ വിശദീകരണം കൂടി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഡിജിപി സർക്കാരിലേക്ക് ഔദ്യോഗിക ശുപാർശ കൈമാറുക.

ഭരണം മാറിയിട്ടും മുൻ സർക്കാരിന്റെ കാലത്തെ വിശ്വസ്തനായ ഉദ്യോഗസ്ഥന് സംരക്ഷണം ലഭിക്കുന്നത് കോൺഗ്രസിനുള്ളിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. യുവാക്കളെ തല്ലിച്ചതച്ചവർക്ക് സംരക്ഷണം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. അതേസമയം, റിപ്പോർട്ട് പൂർണ്ണമായി ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മാസം 31-ന് ഫയർഫോഴ്സ് മേധാവി വിരമിക്കുമ്പോൾ ഒഴിവുവരുന്ന ഡിജിപി പദവിയാണ് അജിത് കുമാർ ലക്ഷ്യമിടുന്നത്. ഇതിന് മുൻപ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.

SIT Report Against ADGP MR Ajith Kumar: DGP Seeks Legal Advice Amid Delay in Action

More Stories from this section

family-dental
witywide