തിരുവനന്തപുരം: കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസിനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി വക്താവ് അഡ്വ. വി.ആർ. അനൂപ്. ഹിന്ദു ഐക്യവേദി നേതാക്കളായ ശശികലയോടും ആർ.വി. ബാബുവിനോടും കാണിച്ച അനുഭാവപൂർണ്ണമായ സമീപനമെങ്കിലും സ്വന്തം മുന്നണിയിലെ നേതാക്കളോട് കാണിക്കണമായിരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ഓർമ്മിപ്പിച്ചു.
ഇലക്ഷൻ കമ്മീഷണറായി നിയമിതനായ വ്യക്തിയുടെ സംഘപരിവാർ ബന്ധം വ്യക്തമാക്കാനാണ് പി.എം. നിയാസ് മുഖ്യമന്ത്രിയെ കാണാൻ സമയം ചോദിച്ചത്. ഗവ. പ്ലീഡർ നിയമനത്തിലെ പരാതി ഉന്നയിക്കാനാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാൽ ഇരുവരുടെയും ആവശ്യങ്ങളോട് മുഖ്യമന്ത്രിയുടെ ഓഫീസ് അനുകൂലമായി പ്രതികരിച്ചില്ലെന്ന് അനൂപ് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കാണാൻ സമയം ലഭിക്കുക എന്നത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളുടെ അവകാശമാണെന്ന് വി.ആർ. അനൂപ് ചൂണ്ടിക്കാട്ടി. അവർ അത് അർഹിക്കുന്നുണ്ടെന്നും, ‘ഇത് ഞങ്ങളുടെ കൂടി സർക്കാരാ’ണെന്ന ഓർമ്മപ്പെടുത്തലോടുകൂടിയാണ് അവർ ഈ വിഷയം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറിപ്പ് ഇപ്രകാരം
പിഎം നിയാസ് എന്ന KPCCയുടെ ജനറൽ സെക്രട്രി , ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായ വ്യക്തിയുടെ സംഘപരിവാർ ബന്ധത്തെപ്പറ്റി അദ്ദേഹത്തിൻ്റെ ബോധ്യം അവതരിപ്പിക്കാൻ , കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അത് അനുവദിച്ച് കിട്ടിയിട്ടില്ല.മുഖ്യമന്ത്രിയോട് പ്ലീഡർ നിയമനത്തിൽ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും ഇത് വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും, ആർവി ബാബുവിനോടും കാണിച്ച ആ അനുഭാവപൂർണ്ണമായ സമീപനമെങ്കിലും, KPCCയുടെ ജനറൽ സെക്രട്രിയോടും, KSUവിൻ്റെ സംസ്ഥാന പ്രസിഡണ്ടിനോടും കാണിക്കേണ്ടതായിരുന്നു എന്ന് ആണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്. അവർ അത് അർഹിക്കുന്നുണ്ട് സർ. അത് അവരുടെ അവകാശമാണ് സർ. ഇത് അവരുടെ കൂടി സർക്കാർ ആണ് സർ. ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ.
KPCC Spokesperson VR Anoop Criticizes CM Over Denying Meeting to PM Niyas and Aloysius Xavier












