
കേരള പൊലീസ് തലപ്പത്ത് വീണ്ടും സമഗ്രമായ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറങ്ങി. ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പി. പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. എ.ഡി.ജി.പി. പദവിയിലിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് പ്രൊമോഷൻ നൽകിയിരിക്കുന്നത്. നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ നടത്തിയ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണകരമായത്.
ഡി.ജി.പി. റാങ്കിലുണ്ടായിരുന്ന ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിച്ച ഒഴിയിലേക്കാണ് പുതിയ നിയമനം. സീനിയോറിറ്റിയിൽ തൊട്ടടുത്തുള്ള സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലും എം.ആർ. അജിത് കുമാർ സസ്പെൻഷനിലുമായതോടെയാണ് തൊട്ടടുത്ത മുതിർന്ന ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിലേക്ക് നറുക്കുവീണത്. ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അദ്ദേഹം ജയിൽ മേധാവിയായി തന്നെ തുടർന്നും സേവനമനുഷ്ഠിക്കും.
അതേസമയം, മറ്റ് പ്രധാന വകുപ്പുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അജിത് കുമാർ സസ്പെൻഷനിലായ ഒഴിവിലേക്ക് മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ ബെവ്കോ സി.എം.ഡി.യായി നിയമിച്ചു. മുൻപും ദീർഘകാലം ബെവ്കോ എം.ഡി.യായി പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ബൽറാം കുമാർ ഉപാധ്യായയെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനാണ് പൊലീസ് തലപ്പത്തെ ഈ പുതിയ മാറ്റങ്ങളെന്നാണ് വിശദീകരണം.
M.R. Ajith Kumar’s Suspension Paves Way: S. Sreejith Promoted to DGP, Yogesh Gupta Appointed Bevco CMD














