സംസ്ഥാന പോലീസിന്റെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ വിപുലമായ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. മുൻപ് ഇടതുപക്ഷ സർക്കാർ പലപ്പോഴായി മാറ്റിനിർത്തിയിരുന്ന പ്രമുഖ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിച്ചുകൊണ്ടാണ് പുതിയ ഭരണകൂടത്തിന്റെ നിർണായക നീക്കം. എഡിജിപി പി. വിജയനെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തസ്തികകളിലൊന്നായ ക്രമസമാധാന ചുമതലയുള്ള (Law & Order) എഡിജിപിയായി നിയമിച്ചു. ഇന്റലിജൻസ് എഡിജിപി സ്ഥാനത്തുനിന്നാണ് അദ്ദേഹത്തിന്റെ ഈ മാറ്റം. ജയിൽ മേധാവിയായി എസ്. ശ്രീജിത്തിനെയും ക്രൈംബ്രാഞ്ച് മേധാവിയായി എച്ച്. വെങ്കടേഷിനെയും നിയോഗിച്ചപ്പോൾ, ദിനേന്ദ്ര കശ്യപാണ് പുതിയ ഇന്റലിജൻസ് മേധാവി. ബൽറാം കുമാർ ഉപാധ്യായയെ ബറ്റാലിയൻ എഡിജിപിയായും നിയമിച്ചിട്ടുണ്ട്.
പോലീസ് ആസ്ഥാനം, റേഞ്ചുകൾ, പ്രമുഖ സിറ്റികൾ എന്നിവടങ്ങളിലും ഐജി, ഡിഐജി തലത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ആർ. നിഷാന്തിനിയെ പുതിയ ഇന്റലിജൻസ് ഐജിയായും, ഹർഷിത അത്തല്ലൂരിയെ പോലീസ് ആസ്ഥാനത്തെ ഐജിയായും നിയമിച്ചു. എസ്. ശ്യാംസുന്ദറാണ് പുതിയ ക്രൈംബ്രാഞ്ച് ഐജി. വിവാദ ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്രയെ കൊച്ചി റേഞ്ച് ഡിഐജിയായും, കെ. കാർത്തിക്കിനെ തൃശൂർ റേഞ്ച് ഡിഐജിയായും, ടി. നാരായണനെ കണ്ണൂർ റേഞ്ച് ഡിഐജിയായും നിയമിച്ചപ്പോൾ ദക്ഷിണമേഖലാ ഐജി സ്ഥാനത്ത് സ്പർജൻ കുമാർ തന്നെ തുടരും. തലസ്ഥാന നഗരിയുടെ സുരക്ഷാ ചുമതലയുള്ള തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി ഡോ. അരുൾ ആർ.ബി. കൃഷ്ണയെ നിയമിച്ചു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.പി. ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചതാണ് ഈ അഴിച്ചുപണിയിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റം. ഐപിഎസ് പദവി ലഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് ഷൗക്കത്തലിക്കും കൊല്ലം റൂറൽ എസ്‌പിയായി നിയമിതനായ ഷാജി സുഗുണനും ക്രമസമാധാന ചുമതല ലഭിക്കുന്നത്. മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. കണ്ണൂർ സിറ്റി കമ്മീഷണറായി ബി.വി. വിജയ ഭാരത് റെഡ്ഡിയും, കാസർകോട് എസ്‌പിയായി നിധിൻരാജ് പിയും നിയമിതരായി. കോഴിക്കോട് സിറ്റി കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായും മാറ്റി നിയമിച്ചിട്ടുണ്ട്. തൃശൂർ റൂറൽ, ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം റൂറൽ തുടങ്ങി ഒട്ടുമിക്ക ജില്ലകളിലെയും പോലീസ് മേധാവിമാരെ മാറ്റിക്കൊണ്ടാണ് സംസ്ഥാനത്ത് വിപുലമായ ഈ പോലീസ് പുനഃസംഘടന പൂർത്തിയാക്കിയത്.
പൊലീസ് തലപ്പത്തെ മാറ്റങ്ങൾ
- മെറിൻ ജോസഫ്: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി
- ഷൗക്കത്തലി എ.പി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ.
- പ്രശാന്തൻ കാണി ബി.കെ: തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി.
- സാബു മാത്യു കെ.എം: കോട്ടയം ജില്ലാ പൊലീസ് മേധാവി.
- ഷാജി സുഗുണൻ: കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി.
- വിഷ്ണു പ്രദീപ് ടി.കെ: ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.
- അബ്ദുൽ റഷീദ് എ: പാലക്കാട് ജില്ലാ പൊലീസ് മേധാവി.
- എസ്. ദേവ മനോഹർ: വയനാട് ജില്ലാ പൊലീസ് മേധാവി.
- ബി. കൃഷ്ണകുമാർ: റെയിൽവേ എസ്.പി
- നിതിൻരാജ് പി: കാസർകോട് ജില്ലാ പൊലീസ് മേധാവി.
- ബി.വി. വിജയ ഭാരത് റെഡ്ഡി: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ.
- അനുജ് പാലിവാൽ: പൊലീസ് ആസ്ഥാനത്തെ ലോ & ഓർഡർ എ.ഐ.ജി
- ഫറാഷ് ടി: എറണാകുളം കോസ്റ്റൽ പൊലീസ് എ.ഐ.ജി
- മോഹനചന്ദ്രൻ നായർ എം.പി: കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്.പി
- മുഹമ്മദ് നദീമുദ്ദീൻ: തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി
- ഉമേഷ് ഗോയൽ: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി.
- ഡോ. നസീം എ: ഇടുക്കി ജില്ലാ പൊലീസ് മേധാവി.
- സി.എസ്. ഷാഹുൽ ഹമീദ്: തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-1 എസ്.പി
Major Shuffle in Kerala Police Top Brass: P. Vijayan Appointed ADGP Law & Order, S. Sreejith Named Jail Chief












