പിണറായിക്ക് വേണ്ടിയുള്ള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ എഡിജിപി എംആർ അജിത് കുമാർ ഇടപെട്ടു; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി എസ്ഐടി

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) സ്ഥിരീകരണം. ഇതുസംബന്ധിച്ച നിർണ്ണായക റിപ്പോർട്ട് എസ്പി ഷൗക്കത്തലി നേരിട്ടെത്തി ഡിജിപിക്ക് കൈമാറി. എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടാണ് മുൻ അന്വേഷണ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയതെന്നും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴികളും രേഖകളും ഇതിന് തെളിവായി റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. അജിത് കുമാർ തങ്ങളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദ്ദേശിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.

പ്രത്യേക ശുപാർശകളൊന്നും നൽകാതെ, അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും മാത്രമാണ് എസ്ഐടി ഡിജിപിക്ക് കൈമാറിയിട്ടുള്ളത്. അതിനാൽ തന്നെ ഈ റിപ്പോർട്ടിന്മേൽ ഡിജിപി എടുക്കുന്ന നിലപാട് കേസിൽ ഇനി ഏറെ നിർണ്ണായകമാകും. ലഭ്യമായ തെളിവുകളെല്ലാം എഡിജിപി എം.ആർ. അജിത് കുമാറിന് എതിരാണെന്നാണ് സൂചന. 2023 ഡിസംബറിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെയാണ് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

പ്രതികളായ അഞ്ച് പേർക്കും നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന എസ്ഐടി ഇവരെ മൂന്ന് ദിവസങ്ങളിലായി ചോദ്യം ചെയ്തെങ്കിലും പ്രധാന ചോദ്യങ്ങളോടെല്ലാം പ്രതികൾ പൂർണ്ണമായി നിസഹകരിക്കുകയാണ് ചെയ്തത്. പ്രവർത്തകരെ മർദ്ദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ ചൂരൽ വടി എവിടെ നിന്ന് കിട്ടി എന്ന ചോദ്യത്തിന് പ്രതികൾ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. അക്രമത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് എസ്ഐടി ചോദ്യം ചെയ്യൽ നടത്തിയത്. കേസിൽ പ്രതികളുടെ ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

SIT Submits Report to DGP Confirming ADGP MR Ajith Kumar’s Interference in Alappuzha Navakerala Assault Case

Also Read

More Stories from this section

family-dental
witywide