
മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെ ഡൽഹിയിൽ നാടകീയ രംഗങ്ങളും വൻ പ്രതിഷേധവും. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രികയാണ് സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയത്. ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് കാണിച്ച് ബി.ജെ.പി. നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്. പത്രിക തള്ളിയതോടെ മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും ബി.ജെ.പിക്ക് ഏകപക്ഷീയമായി വിജയിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കോൺഗ്രസ് പ്രതിനിധി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കാണാൻ എത്തി. എന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ പ്രധാന ഗേറ്റിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കോൺഗ്രസ് നേതാക്കളെ തടഞ്ഞത് വൻ തർക്കത്തിന് കാരണമായി.
മുതിർന്ന നേതാവ് ജയറാം രമേശ് അടക്കമുള്ളവരെ അകത്തേക്ക് കടത്തിവിടാൻ സുരക്ഷാ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു. നേതാക്കളെ തടഞ്ഞതോടെ കമ്മീഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. മാധ്യമപ്രവർത്തകരെയും ഈ പ്രദേശത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർബന്ധപൂർവ്വം മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോൺഗ്രസ് ഉടൻ തന്നെ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
Madhya Pradesh Rajya Sabha Polls: Congress Candidate Paper Rejected; KC Venugopal Blocked at EC Office














