
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് തിരിച്ചടി. പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന വിജയ്യുടെ ആവശ്യം മദ്രാസ് ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ വിചാരണ നടത്താൻ മതിയായ കാരണങ്ങളുണ്ടെന്നും കേസ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
പെരമ്പൂരിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചെന്നും പൊരുത്തക്കേടുകളുണ്ടെന്നുമാണ് പ്രധാന ആരോപണം. ഈ ആരോപണങ്ങൾ വിചാരണയിലൂടെ മാത്രമേ പരിശോധിക്കാനാകൂവെന്നും കോടതി നിരീക്ഷിച്ചു.
2026 ജനുവരിയിൽ പൻരുട്ടിയിൽ 30 കോടി രൂപയ്ക്ക് മൂന്ന് ഏക്കർ ഭൂമി വാങ്ങിയതും തൊട്ടടുത്ത മാസം പാടിയിലെ വാണിജ്യ വസ്തു 35 കോടി രൂപയ്ക്ക് വിറ്റതും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം. കൊടൈക്കനാലിൽ കാർഷിക ഭൂമിയായി രേഖപ്പെടുത്തിയ 50 സെന്റ് സ്ഥലം റവന്യൂ രേഖകളിൽ സർക്കാർ ഭൂമിയായാണ് കാണിച്ചിരിക്കുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ വിവരങ്ങൾ മറച്ചുവച്ചത് വോട്ടർമാരുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വിജയ്, ഹർജി നിലനിൽക്കുന്നതിനാവശ്യമായ വസ്തുതകൾ അതിലില്ലെന്ന് വാദിച്ചിരുന്നു. ഹർജി തള്ളണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
2026 ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂരിൽനിന്ന് 1,20,365 വോട്ടുകൾ നേടിയാണ് വിജയ് വിജയിച്ചത്. ഡിഎംകെയുടെ ആർ.ഡി. ശേഖറിനെ 53,715 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും വിജയിച്ചിരുന്ന വിജയ് പെരമ്പൂർ നിലനിർത്താനായി ആ സീറ്റ് ഒഴിയുകയായിരുന്നു.
അതേസമയം, വിജയ്യുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ആർ.ഡി. ശേഖറും പെരമ്പൂരിലെ മറ്റൊരു വോട്ടറായ ടി.എൻ. ലക്ഷ്മി നരസിംഹനും പ്രത്യേക ഹർജികൾ നൽകിയിട്ടുണ്ട്.















