സൺറൂഫിൽനിന്ന് അഭിവാദ്യം ചെയ്യുന്നതിനിടെ ഡ്രൈവറെ ചവിട്ടി എംഎൽഎ; അനന്ത് സിങ്ങിന്റെ വിഡിയോ വൈറൽ, പ്രതിഷേധം

പട്ന: ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സൺറൂഫിലൂടെ പുറത്തേക്ക് നിന്ന് ആളുകളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഡ്രൈവറെ ചവിട്ടുന്ന ബിഹാർ എംഎൽഎ അനന്ത് സിങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തെ തുടർന്ന് എംഎൽഎയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

മകൾ ശിവാങ്കി സിങ്ങിന്റെ വിവാഹാഘോഷത്തിനിടെ പട്നയിലെ നട്‌വാൻ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു എസ്‌യുവിയുടെ സൺറൂഫിലൂടെ പുറത്തേക്ക് നിന്നുകൊണ്ട് വാഹനത്തിന് ചുറ്റും തടിച്ചുകൂടിയ ആളുകളെ അനന്ത് സിങ് അഭിവാദ്യം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.

വാഹനം മുന്നോട്ടുപോകുന്നതിനിടെ ഡ്രൈവറോട് ദേഷ്യപ്പെടുകയും ഇയാളെ ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. വിഡിയോ പുറത്തുവന്നതോടെ അനന്ത് സിങ്ങിന്റെ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമുയർന്നു.

നവംബർ 25-ന് നടന്ന അനന്ത് സിങ്ങിന്റെ മകൾ ശിവാങ്കിയുടെ ആഡംബര വിവാഹം നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആയിരക്കണക്കിന് അതിഥികൾ പങ്കെടുത്ത ചടങ്ങിൽ വിപുലമായ ഭക്ഷണസൽക്കാരവും കുതിരപ്പന്തയവും ആഡംബര വാഹനങ്ങളുടെ നീണ്ട നിരയും ഒരുക്കിയിരുന്നു.

‘ഛോട്ടെ സർക്കാർ’ എന്നറിയപ്പെടുന്ന അനന്ത് സിങ് ബിഹാറിലെ മോഖാമ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. വിവാഹാഘോഷത്തിനിടെ നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായതോടെ അദ്ദേഹത്തിന്റെ പെരുമാറ്റം വീണ്ടും പൊതുചർച്ചയായിരിക്കുകയാണ്.

More Stories from this section

family-dental
witywide