
ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥോ അഖിലേഷ് യാദവോ മുഖ്യമന്ത്രിയാകില്ലെന്ന സൂചനയുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി മീശയുള്ള ഒരാളായിരിക്കുമെന്നായിരുന്നു ഒവൈസിയുടെ പരാമർശം. ലഖ്‌നൗവിൽ സാമാജിക് പരിവർത്തൻ മോർച്ചയുടെ ആദ്യ സംയുക്ത റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗി ആദിത്യനാഥിനെയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ഒവൈസിയുടെ പരിഹാസം. എഐഎംഐഎമ്മിന്റെ സഖ്യകക്ഷിയായ ആസാദ് സമാജ് പാർട്ടി (കാൻഷിറാം) അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം.
‘ചിലർ ഈ സഖ്യത്തെ താടിയുള്ളവരും മീശയുള്ളവരും തമ്മിലുള്ള കൂട്ടുകെട്ടെന്നാണ് വിശേഷിപ്പിച്ചത്. യഥാർഥത്തിൽ അത് അങ്ങനെതന്നെയാണ്. തല മുണ്ഡനം ചെയ്തയാളോടും താടിയും മീശയും വടിച്ചയാളോടും എനിക്ക് പറയാനുള്ളത്, ഇനി അവർ മുഖ്യമന്ത്രിയാകില്ലെന്നാണ്. മീശയുള്ള ഒരാളായിരിക്കും അടുത്ത മുഖ്യമന്ത്രി’, ഒവൈസി പറഞ്ഞു.
ബിജെപിയും സമാജ്‌വാദി പാർട്ടിയും ഭരണഘടന സംരക്ഷിക്കുന്നതിലും മുസ്‌ലിങ്ങൾക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യം, സാഹോദര്യം, നീതി, തുല്യത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾക്ക് എതിരായാണ് ആർഎസ്എസും സംഘ്പരിവാറും പ്രവർത്തിക്കുന്നതെന്നും ഒവൈസി വിമർശിച്ചു.
ബുൾഡോസർ നടപടികളിലൂടെയോ എൻകൗണ്ടറുകളിലൂടെയോ അല്ല നീതി നടപ്പാക്കേണ്ടതെന്നും അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയിലൂടെയാണ് നീതി ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആസാദ് സമാജ് പാർട്ടി (കാൻഷിറാം), എഐഎംഐഎം എന്നീ പാർട്ടികൾ ‘സാമാജിക് പരിവർത്തൻ മോർച്ച’ എന്ന സഖ്യത്തിന്റെ ഭാഗമായാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പുതിയ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമിട്ടാണ് സഖ്യത്തിന്റെ പ്രവർത്തനം.















