
മുംബൈ: അനന്ത് അംബാനി തന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി പ്രചരിക്കുന്ന വൈറൽ വിഡിയോയ്ക്കെതിരെ നിയമനടപടിയുമായി ബോളിവുഡ് താരം ഷാറുഖ് ഖാൻ. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ സുവിഗ്യ ശർമയ്ക്കാണ് താരം മാനനഷ്ട നോട്ടീസ് അയച്ചത്. വിവാദ വിഡിയോ നീക്കം ചെയ്യാനും തെറ്റായ അവകാശവാദങ്ങൾ തിരുത്താനും 48 മണിക്കൂർ സമയമാണ് നൽകിയിരിക്കുന്നത്.
അനന്ത് അംബാനി ആത്മീയ ഗുരു സദ്ഗുരുവുമായി സംസാരിക്കുന്നതും ഷാറുഖ് ഖാൻ അനന്തുമായി സംസാരിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ കൂട്ടിച്ചേർത്താണ് വിഡിയോ തയ്യാറാക്കിയത്. ഇതിനിടെ അനന്ത് അംബാനി കൈവിരൽ ചൂണ്ടി ഷാറുഖിനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു വിഡിയോയിലെ ആരോപണം. എന്നാൽ ഇരുവരും തമ്മിൽ നടന്ന സംഭാഷണം എന്താണെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല.
തിങ്കളാഴ്ച അയച്ച നിയമനോട്ടീസിൽ വിഡിയോയിലെ പരാമർശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമാണെന്ന് ഷാറുഖ് ഖാൻ ചൂണ്ടിക്കാട്ടി. വിഡിയോ ഉടൻ നീക്കം ചെയ്യുക, ആരോപണങ്ങൾ ആവർത്തിക്കുന്നത് അവസാനിപ്പിക്കുക, ബന്ധപ്പെട്ട അടിക്കുറിപ്പുകളും പ്രസ്താവനകളും തിരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസിലുള്ളത്. കൂടാതെ യഥാർഥ ദൃശ്യങ്ങളും അനുബന്ധ രേഖകളും സംരക്ഷിക്കണമെന്നും നടപടികൾ പൂർത്തിയാക്കിയതായി രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഷാറുഖിന്റെ നിയമനടപടിക്കെതിരെ സുവിഗ്യ ശർമയും പ്രതികരിച്ചു. തന്റെ പരാമർശങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന വിമർശനമാണെന്നാണ് സുവിഗ്യയുടെ വാദം. ഷാറുഖ് ഖാനെ അപമാനിച്ചുവെന്ന ആരോപണവും അവർ ചോദ്യം ചെയ്തു.
മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നടന്ന ‘ഗ്ലോബൽ പീസ് ഓണേഴ്സ് 2026’ പരിപാടിക്കിടെയായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിന് മുന്നോടിയായി അമൃത ഫഡ്നാവിസിന്റെ ദിവ്യജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സിനിമാ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. സദ്ഗുരുവുമായി സംസാരിച്ചുകൊണ്ടിരുന്ന അനന്ത് അംബാനിയുടെ സംഭാഷണത്തിനിടെ ഷാറുഖ് ഖാൻ ഇടപെടാൻ ശ്രമിക്കുന്നതും അനന്ത് കൈവിരൽ ഉയർത്തി ആംഗ്യം കാണിക്കുന്നതുമാണ് വിഡിയോയിലുള്ളത്.















