
ന്യൂഡൽഹി: ഇന്ത്യൻ പാർലമെൻ്റിൻ്റെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ നടപടികൾ വന്ദേമാതരത്തോടെ ആരംഭിച്ചു. മൺസൂൺ സമ്മേളനത്തിൻ്റെ അവസാന ദിനമായ വ്യാഴാഴ്ചയാണ് ഈ അപൂർവ്വ നിമിഷത്തിന് ലോക്‌സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളും ഈ സമയത്ത് സഭയിൽ സന്നിഹിതരായിരുന്നു. ദേശീയ ഗീതത്തിൻ്റെ ആറ് ചരണങ്ങൾ ആലപിച്ചതിന് പിന്നാലെ ലോക്‌സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
വന്ദേമാതരത്തിന് നിയമപരമായ പരിരക്ഷ നൽകുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി ദിവസങ്ങൾക്കുള്ളിലാണ് ഈ പുതിയ മാറ്റം. ദേശീയ ഗീതം ആലപിക്കുന്നത് മനഃപൂർവ്വം തടസ്സപ്പെടുത്തുന്നത് ഇനിമുതൽ ശിക്ഷാർഹമായ കുറ്റമാകും. ഇതോടെ ദേശീയ ഗാനത്തിന് (ജനഗണമന) തുല്യമായ നിയമ സുരക്ഷയാണ് വന്ദേമാതരത്തിനും കൈവന്നിരിക്കുന്നത്. രാഷ്ട്രപതിയുടെ വരവ്, ദേശീയ പതാക ഉയർത്തൽ തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങൾ ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു.
ഭരണ-പ്രതിപക്ഷ കക്ഷികളുടെ കടുത്ത വാഗ്വാദങ്ങൾക്കും ബഹളങ്ങൾക്കും ഒടുവിലാണ് മൺസൂൺ സമ്മേളനം അവസാനിച്ചത്. സഭയുടെ പ്രവർത്തന മികവിനെക്കുറിച്ച് സ്പീക്കർ ഓം ബിർള സാധാരണ നടത്താറുള്ള സമാപന പ്രസംഗം ഇത്തവണ ഉണ്ടായില്ല. ജൂലൈ 20-ന് സമ്മേളനം ആരംഭിച്ചത് മുതൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച, വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടി, രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തിയിരുന്നു.
വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നെങ്കിലും സഭ ശാന്തമായില്ല. അവസാന ദിവസവും പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. പാർലമെൻ്റ് മന്ദിരത്തിലെ മകർ ദ്വാറിന് മുന്നിൽ ബിജെപിയും പ്രതിപക്ഷവും ഒരേസമയം നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ ഇരുവിഭാഗവും തമ്മിലുള്ള കടുത്ത ഭിന്നത പരസ്യമാക്കുന്നതായിരുന്നു. ജാർഖണ്ഡിലെ പ്രതിഷേധങ്ങളിൽ കോൺഗ്രസ് നിലപാടിനെതിരെ ബിജെപി രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞപ്പോൾ, തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം ചെയ്തത്.
New history in Parliament; For the first time, parliamentary proceedings began with Vande Mataram













