
ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ എട്ട് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുറഞ്ഞത് 16 അമേരിക്കൻ സൈനിക താവളങ്ങൾ ഇറാനും സഖ്യശക്തികളും ചേർന്ന് തകർത്തതായി സിഎൻഎൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ പല സൈനിക കേന്ദ്രങ്ങളും ഇനി ഉപയോഗിക്കാൻ കഴിയാത്തവിധം പൂർണ്ണമായും തകർക്കപ്പെട്ട നിലയിലാണ്. ഉപഗ്രഹ ചിത്രങ്ങളും അമേരിക്കയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളും ആസ്പദമാക്കിയാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
മേഖലയിലെ യുഎസ് സൈനിക സാന്നിധ്യത്തിന്റെ ഭൂരിഭാഗവും നിലവിൽ തകർച്ചയെ നേരിടുകയാണെന്ന് നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു യുഎസ് കോൺഗ്രസ് പ്രതിനിധി വെളിപ്പെടുത്തി. താവളങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടേണ്ടി വരുമെന്ന് ഒരു വിഭാഗം വിദഗ്ധർ വിലയിരുത്തുമ്പോൾ, തന്ത്രപ്രധാനമായ പ്രാധാന്യം കണക്കിലെടുത്ത് ഇവ അറ്റകുറ്റപ്പണികൾ നടത്തി നിലനിർത്തണമെന്നാണ് മറ്റു ചില ഉദ്യോഗസ്ഥരുടെ നിലപാട്. ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്തരമൊരു പ്രതിസന്ധി അമേരിക്കൻ സൈന്യം നേരിട്ടിട്ടില്ലെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. അത്യാധുനിക റഡാർ സംവിധാനങ്ങൾ, വാർത്താവിനിമയ ശൃംഖലകൾ, യുദ്ധവിമാനങ്ങൾ എന്നിവ ലക്ഷ്യം വെച്ചാണ് ടെഹ്‌റാൻ പ്രധാനമായും ആക്രമണം നടത്തിയത്. പകരം വെക്കാൻ പ്രയാസമുള്ളതും അമിത ചിലവുള്ളതുമായ ഇത്തരം സംവിധാനങ്ങൾ തകർത്തതിലൂടെ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് ഇറാൻ നൽകിയിരിക്കുന്നത്.
ഇറാനുമായുള്ള യുദ്ധത്തിന് ഇതുവരെ 25 ബില്യൺ ഡോളർ ചിലവായതായി പെന്റഗൺ ഉദ്യോഗസ്ഥൻ ജൂൾസ് ഹർസ്റ്റ് നിയമസഭാംഗങ്ങളെ അറിയിച്ചെങ്കിലും, യഥാർത്ഥ നഷ്ടം 40 മുതൽ 50 ബില്യൺ ഡോളർ വരെയാകാമെന്നാണ് പുതിയ സൂചനകൾ. തങ്ങളുടെ രാജ്യങ്ങളിലുള്ള യുഎസ് താവളങ്ങൾ ആക്രമിക്കപ്പെട്ടതോടെ അമേരിക്കയുടെ ഗൾഫ് സഖ്യകക്ഷികളും ഇപ്പോൾ പ്രതിഷേധത്തിലാണ്. തങ്ങളോട് ആലോചിക്കാതെ യുദ്ധം തുടങ്ങിയ വാഷിംഗ്ടണിന്റെ നടപടിയെ ഇവർ സ്വകാര്യമായി വിമർശിക്കുന്നുണ്ട്. അമേരിക്കയുമായുള്ള സഖ്യം അജയ്യമാണെന്ന വിശ്വാസം ഈ യുദ്ധത്തോടെ നഷ്ടപ്പെട്ടുവെന്നും പുതിയ പ്രതിരോധ മാർഗ്ഗങ്ങൾ തേടേണ്ടി വരുമെന്നും പ്രമുഖ സൗദി വൃത്തങ്ങൾ പ്രതികരിച്ചു.











