
എഡ്മന്റൻ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിലുള്ള എഡ്മന്റനിൽ മലയാളി ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി. ജോസ് മാജോ പുലിക്കോട്ടിൽ (44) എന്നയാളെയാണ് എഡ്മന്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെയുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ച് ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2026 ഓഗസ്റ്റ് 17-ന് ഒരു പാർട്ടിയിൽ വെച്ച് ഇയാൾ ലൈംഗികമായി അതിക്രമിച്ചു എന്ന് കാണിച്ച് ഒരു യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു യുവതി കൂടി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2016 മുതൽ, താൻ പ്രായപൂർത്തിയാകാതിരുന്ന കാലം മുതൽ ഇയാൾ തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നായിരുന്നു രണ്ടാമത്തെ യുവതിയുടെ പരാതി.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 19-ന് പൊലീസ് ജോസ് മാജോ പുലിക്കോട്ടിലിനെ അറസ്റ്റ് ചെയ്തു. രണ്ട് ലൈംഗികാതിക്രമ കുറ്റങ്ങൾ, ലൈംഗിക ചൂഷണം, ലൈംഗിക സ്പർശനത്തിന് പ്രേരിപ്പിക്കൽ, ലൈംഗിക ഇടപെടൽ എന്നീ അഞ്ച് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പിന്നീട് കർശന ഉപാധികളോടെയാണ് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചത്. സ്കൂളുകൾ, ഡേകെയറുകൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ, പൊതു നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് പ്രധാന വ്യവസ്ഥ. കൂടാതെ 16 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളുമായി ഇടപഴകാനോ, അവർക്ക് മേൽ അധികാരമുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ല. പരാതിക്കാരുമായി ബന്ധപ്പെടാനോ ആയുധങ്ങൾ കൈവശം വെക്കാനോ അനുവാദമില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇയാളിൽ നിന്നും സമാനമായ ദുരനുഭവങ്ങൾ നേരിട്ട കൂടുതൽ പേർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എഡ്മന്റൻ പൊലീസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 25-ന് പൊലീസ് പ്രതിയുടെ പേരും ചിത്രവും പുറത്തുവിട്ടു. പരാതിയുള്ളവർ ഉടൻ തന്നെ 780-423-4567 എന്ന നമ്പറിൽ എഡ്മന്റൻ പൊലീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Malayali arrested in Canada in sexual assault case; police say there are more victims















