ചികിത്സയുടെ മറവിൽ ലൈംഗിക പീഡനം; കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ ‘ഹീലർ’ പിടിയിൽ, കൂടുതൽ ഇരകളുണ്ടെന്ന് പൊലീസ്

കാലിഫോർണിയ: ചികിത്സയ്ക്കെത്തിയ നാല് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കാലിഫോർണിയയിലെ പ്രമുഖ ഇന്ത്യൻ വംശജനായ ‘ഹീലറെ’ (ചികിത്സകൻ) പൊലീസ് അറസ്റ്റ് ചെയ്തു. സെൽമ സ്വദേശിയായ പാൽ സിംഗ് (73) എന്നയാളാണ് സെൽമ പൊലീസിന്റെ പിടിയിലായത്. തന്റെ വീട്ടിൽ ലൈസൻസില്ലാതെ നടത്തിവന്നിരുന്ന ചികിത്സാ കേന്ദ്രത്തിൽ വെച്ചാണ് ഇയാൾ പീഡനം നടത്തിയത്. ഇയാൾക്കെതിരെ നാല് ഗുരുതരമായ ലൈംഗിക പീഡന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ചികിത്സയ്ക്കിടെ പാൽ സിംഗ് ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചതായി കാണിച്ച് നിരവധി സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്ന് സെൽമ പൊലീസ് കമാൻഡർ ടിം കാനൻ മാധ്യമങ്ങളോട് പറഞ്ഞു. 2023 ജൂണിനും 2025 ജൂലൈയ്ക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നിട്ടുള്ളത്.

പ്രാദേശിക സിഖ് സമൂഹത്തിനിടയിൽ വലിയ ജനപ്രീതിയുണ്ടായിരുന്ന ഇയാളെ തേടി കാലിഫോർണിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, കാനഡയിൽ നിന്നും വരെ ആളുകൾ എത്തിയിരുന്നതായി ഓൺലൈൻ റിവ്യൂകൾ വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ വർഷങ്ങളായി ഇത്തരം ആരോപണങ്ങൾ കേൾക്കുന്നുണ്ടെന്നും, ഫ്രെസ്നോ കൗണ്ടിക്ക് പുറത്തുള്ളവർ ഉൾപ്പെടെ ഇനിയും കൂടുതൽ സ്ത്രീകൾ ഇരയായിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, പാൽ സിംഗ് ഒരു അക്യൂപ്രഷർ വിദഗ്ദ്ധനാണെന്നും ലൈസൻസില്ലാത്ത കൈറോപ്രാക്റ്റിക് ചികിത്സയല്ല നടത്തിയതെന്നും ഇയാളുടെ അഭിഭാഷകൻ എഡ്ഡി റൂയിസ് കോടതിയിൽ വാദിച്ചു. ഇരുപതുകളിൽ ഇന്ത്യയിൽ വെച്ച് സിഖ് പുരോഹിതനായ പാൽ സിംഗ്, 2010 മുതൽ 2016 വരെ സെൽമയിലെ ‘സിഖ് സെന്റർ ഓഫ് ദി പസഫിക് കോസ്റ്റ്’ എന്ന സ്ഥാപനത്തിൽ പുരോഹിതനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യയിൽ നിന്നും ഓൺലൈൻ വഴിയും അക്യൂപ്രഷറിൽ പരിശീലനം നേടിയ ശേഷമാണ് ചികിത്സ രംഗത്തേക്ക് തിരിഞ്ഞതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

പൊലീസ് അറസ്റ്റ് ചെയ്ത പാൽ സിംഗ് കോടതിയിൽ കുറ്റം നിഷേധിച്ചു. തുടർന്ന് കുടുംബത്തെ സംരക്ഷിക്കാനും പ്രതിരോധ നടപടികൾക്കുമായി ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷയിൽ, അറസ്റ്റിലായി ഏതാനും ദിവസങ്ങൾക്ക് ശേഷം ഇയാൾ ജാമ്യത്തിൽ ഇറങ്ങി. കേസിന്റെ അടുത്ത കോടതി വാദം ഒക്ടോബർ 27-ന് നടക്കും.

Sexual assault under the guise of treatment; Indian-origin ‘healer’ arrested in California; police suspect there are more victims.

More Stories from this section

family-dental
witywide