
ന്യൂയോർക്ക്: നീണ്ട 53 വർഷത്തെ കാത്തിരിപ്പിന് ശേഷം ന്യൂയോർക്ക് നിക്സ് നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ്റെ (എൻബിഎ) ചാമ്പ്യൻഷിപ്പ് കിരീടം നേടിയതിന് പിന്നാലെ ന്യൂയോർക്ക് സിറ്റിയിൽ വ്യാപക അക്രമസംഭവങ്ങൾ. ശനിയാഴ്ച രാത്രി നടന്ന ആഹ്ലാദപ്രകടനങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നിരവധി ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തു. സാൻ അൻ്റോണിയോ സ്പർസിനെ തോൽപ്പിച്ച് നിക്സ് കിരീടം ചൂടിയതോടെയാണ് മാൻഹട്ടനിലെ തെരുവുകളിലേക്ക് പതിനായിരക്കണക്കിന് ആരാധകർ ഒഴുകിയെത്തിയത്.
ടൈംസ് സ്ക്വയറിൽ തടിച്ചുകൂടിയ ജനക്കൂട്ടം കൺട്രോൾ റൂം വാഹനങ്ങളും സ്കൂൾ ബസും ഉൾപ്പെടെയുള്ള പൊതുമുതൽ അടിച്ചുതകർത്തു. സിക്സ്ത് അവന്യൂവിൽ വച്ച് പ്രകോപിതരായ ആളുകൾ പൊലീസ് വാഹനങ്ങൾക്ക് നേരെ കുപ്പികളും കൂളറുകളും എറിയുകയും വിൻഡ്ഷീൽഡുകൾ തകർക്കുകയും ചെയ്തു. തെരുവിൽ പലയിടത്തും മാലിന്യങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് കുതിരപ്പടയെ വരെ രംഗത്തിറക്കേണ്ടി വന്നു.
കഴിഞ്ഞ ബുധനാഴ്ച നടന്ന നാലാം മത്സരത്തിലെ വിജയത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ 56 പേരെയും, തിങ്കളാഴ്ച ബ്രയൻ്റ് പാർക്കിൽ നടന്ന മൂന്നാം മത്സരത്തിന് ശേഷം 21 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായെങ്കിലും, 1973-ന് ശേഷമുള്ള നിക്സിൻ്റെ ഈ ചരിത്ര വിജയം ആഘോഷമാക്കാൻ നഗരത്തിൽ വൻ വിജയ റാലി സംഘടിപ്പിക്കുമെന്ന് മേയർ സൊഹ്റാൻ മംദാനി അറിയിച്ചു.
Massive riots in Manhattan following New York Knicks’ historic win: Several fans arrested















