
ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ് സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും രാജ്യസഭാ എം പിയുമായ രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരുൾപ്പെടെയുള്ള രാജ്യസഭാ എംപിമാരാണ് പാർട്ടി വിട്ടത്. മറ്റ് മൂന്ന് എം പിമാരും തങ്ങൾക്കൊപ്പം ബി ജെ പിയിൽ ചേരുമെന്ന് രാഘവ് ഛദ്ദ വ്യക്തമാക്കി. സഞ്ജയ് സിംഗ് ഒഴികെയുള്ള മിക്ക എം പിമാരും ബിജെപിയിലേക്ക് ചേക്കേറുന്നതോടെ എ എ പിക്ക് രാജ്യസഭയിൽ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. തങ്ങൾ രണ്ട് വശങ്ങളിലായി നിൽക്കുന്നവരല്ലെന്നും രാജ്യസഭയിലെ എഎപി അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചതായും രാഘവ് ഛദ്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെജ്രിവാളും ആം ആദ്മി പാർട്ടിയും തങ്ങളുടെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന് ഛദ്ദ കുറ്റപ്പെടുത്തി. 15 വർഷം താൻ വളർത്തിയെടുത്ത പാർട്ടി ഇപ്പോൾ വ്യക്തിതാൽപ്പര്യങ്ങൾക്കായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ “തെറ്റായ പാർട്ടിയിലെ ശരിയായ മനുഷ്യൻ” ആയിരുന്നുവെന്ന് സ്വയം വിശേഷിപ്പിച്ച ഛദ്ദ, രാജ്യസഭാ അധ്യക്ഷന് ലയനം സംബന്ധിച്ച കത്ത് നൽകിയതായും അറിയിച്ചു. നൽകിയ ഉത്തരവാദിത്വം മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് പറഞ്ഞ രാഘവ് ഛദ്ദ അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞു.
പാർട്ടി രൂപീകരണം മുതൽ അരവിന്ദ് കെജ്‌രിവാളിന്‍റെ വിശ്വസ്തനായിരുന്ന ഛദ്ദയുടെ പടിയിറക്കം എഎപിക്ക് വലിയ ആഘാതമാണ്. 2012 മുതൽ പാർട്ടിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയിലും പാർട്ടിയുടെ ദേശീയ വക്താവെന്ന നിലയിലും ഛദ്ദ നേടിയ ജനപ്രീതി ബിജെപിക്ക് വരും തെരഞ്ഞെടുപ്പുകളിൽ കരുത്താകുമെന്നാണ് വിലയിരുത്തൽ. നിലവിൽ പഞ്ചാബിൽ നിന്നുള്ള ഏഴ് പേരും ഡൽഹിയിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പെടെ പത്ത് അംഗങ്ങളാണ് എഎപിക്ക് രാജ്യസഭയിലുള്ളത്. ഛദ്ദയുടെ മാറ്റം പാർലമെന്‍റിലെ പാർട്ടിയുടെ കരുത്തിനെ എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.
Massive split in AAP as Raghav Chadha and 7 Rajya Sabha MPs join BJP; blow to Arvind Kejriwal













