ഭഗവന്ത് മാൻ സിഖ് വിരോധിയെന്ന് പ്രഖ്യാപിച്ച് സിഖ് മതസ്ഥരുടെ പരമോന്നത സമിതി അകാൽ തഖ്ത്; പഞ്ചാബ് മുഖ്യമന്ത്രിക്ക് തിരിച്ചടിയായത് ‘മദ്യപിച്ച് ലക്കുകെട്ട അവസ്ഥ’

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് സിഖ് മതവിഭാഗത്തിൽ നിന്നും വീണ്ടും കനത്ത തിരിച്ചടി. ഭഗവന്ത് മാൻ സിഖ് വിരോധിയാണെന്ന് സിഖ് മതസ്ഥരുടെ പരമോന്നത സമിതികളിലൊന്നായ അകാൽ തഖ്ത് പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച, ഭഗവന്ത് മാൻ മദ്യപിച്ച് ലക്കുകെട്ട നിലയിലുള്ള പഴയൊരു വീഡിയോ വിശദമായി പരിശോധിച്ച് അത് യഥാർത്ഥമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സിഖ് പുരോഹിതർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് സമിതിക്ക് മുന്നിൽ ഹാജരായ മുഖ്യമന്ത്രി ഭഗവന്ത് മാൻ, പ്രചരിക്കുന്ന ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ച എ.ഐ. വീഡിയോ ആണെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ ഈ വാദം തള്ളിയ അകാൽ തഖ്ത്, ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്തി സത്യാവസ്ഥ ബോധ്യപ്പെട്ട ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. മുൻപും പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മാൻ മദ്യപിച്ചെത്തിയത് വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രഖ്യാപനത്തിന് പുറമെ സിഖ് എം.എൽ.എമാർക്കെതിരെയും സമിതി നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭഗവന്ത് മാൻ സർക്കാർ പാസാക്കിയ വിവാദ ബില്ലിൽ ഒപ്പുവെച്ച എല്ലാ സിഖ് എം.എൽ.എമാരും അകാൽ തഖ്തിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നാണ് പുരോഹിത കൂട്ടായ്മയുടെ കർശന നിർദ്ദേശം. അകാൽ തഖ്തിന്റെ പുതിയ നിലപാടുകളോടെ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.

Akal Takht Declares Punjab CM Bhagwant Mann Anti Sikh After Verifying Controversial Video

More Stories from this section

family-dental
witywide