
അർജന്റീന ഫുട്ബോൾ ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഒരുങ്ങുന്നു. ടെൻഡറോ മറ്റ് ഔദ്യോഗിക ഉറപ്പുകളോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിയൊരുക്കിയതിലാണ് അന്വേഷണം മുൻ മന്ത്രിയിലേക്ക് നീളുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അബ്ദുറഹ്മാന് ഉടൻ നോട്ടീസ് നൽകും. ചട്ടം ലംഘിച്ച് കലൂർ സ്റ്റേഡിയം വിട്ടുനൽകിയ സംഭവത്തിൽ ജി.സി.ഡി.എ., സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്നിവയും അന്വേഷണ റഡാറിലുണ്ട്.
അതിനിടെ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ നിന്നും ആന്റോ അഗസ്റ്റിനിൽ നിന്നും പിടിച്ചെടുത്ത ഫോൺ, ലാപ്ടോപ്പ്, ഐപാഡ്, മെമ്മറി കാർഡ്, ബാങ്ക് ഇടപാട് രേഖകൾ എന്നിവയിൽ വിശദമായ ഫോറൻസിക് പരിശോധന നടത്താനാണ് എസ്.ഐ.ടി.യുടെ തീരുമാനം. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിന്റെ വിശ്വാസ്യതയും അതുമായി ബന്ധപ്പെട്ട പണമിടപാടുകളും പരിശോധിക്കും. റിപ്പോർട്ടർ കമ്പനി 25 കോടി രൂപയുടെ ജി.എസ്.ടി. വെട്ടിച്ചതുമായി ബന്ധപ്പെട്ട് നിലവിലെയും മുൻപത്തെയും ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ മറ്റ് രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയിൽ ഹാജരാക്കി.
റിപ്പോർട്ടർ ചാനലിലെ പോലീസ് നടപടികളിൽ യാതൊരുവിധ ചട്ടലംഘനവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവർത്തിച്ചു. അന്വേഷണ സംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും നിയമപരമായ മാർഗ്ഗങ്ങളിലൂടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുൻ പിണറായി സർക്കാരിന്റെ കാലത്ത് അപ്രിയ വാർത്തകളുടെ പേരിൽ മാധ്യമങ്ങളെ വേട്ടയാടിയ സംഭവങ്ങൾ ഓർമ്മിപ്പിച്ച ചെന്നിത്തല, നിലവിലെ നടപടികളിൽ സർക്കാരിന് എതിരഭിപ്രായമില്ലെന്ന് എസ്.ഐ.ടി. തലവൻ എ.ഡി.ജി.പി. പി. വിജയനെ അറിയിക്കുകയും ചെയ്തു.
Messi Tour Fraud Case: SIT to Question Former Sports Minister V Abdurahiman; Seized Electronic Devices to Undergo Forensic Analysis











