‘പിണറായി സർക്കാരിനെതിരെ’ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം; കള്ള് ഷാപ്പുകളോട് കാട്ടിയത് ഇരട്ടത്താപ്പ്, തമ്പ്രാന്മാരുടെ ബാറുകൾക്ക് ഇളവ് നൽകി, തെരഞ്ഞെടുപ്പ് തോൽവിയിൽ ആത്മപരിശോധന വേണം

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെയും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കള്ള്ചെത്ത് വ്യവസായത്തോടും പരമ്പരാഗത തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഷാപ്പുകൾ തുറക്കുന്നതിന് ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് കുറയ്ക്കണമെന്ന് എൽ.ഡി.എഫ്. യോഗത്തിൽ സി.പി.ഐ. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ബിനോയ് വിശ്വം വെളിപ്പെടുത്തി.

അതേസമയം, വൻകിട മുതലാളിമാരുടെ ബാറുകൾക്ക് ദൂരപരിധി 50 മീറ്ററായി ഇളവ് ചെയ്തു നൽകിയ എൽ.ഡി.എഫ്. സർക്കാർ ഷാപ്പുകളോട് ഇരട്ടത്താപ്പാണ് കാണിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു. വിഷയം മുന്നണി യോഗത്തിൽ ഉന്നയിച്ചപ്പോൾ പിണറായി വിജയൻ ശരിയാണെന്ന് സമ്മതിച്ചെങ്കിലും അഞ്ച് വർഷം ഒന്നും ചെയ്യാതെ സമയം കളയുകയായിരുന്നു. ശരികൾ വാക്കിൽ മാത്രം പോരാ, അത് പ്രവൃത്തിയിൽ പാലിക്കുമ്പോഴാണ് അർത്ഥപൂർണ്ണമാകുന്നത് എന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ എൽ.ഡി.എഫ്. നേതൃത്വം ആത്മപരിശോധന നടത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മുന്നണിയുടെ സ്വന്തം വോട്ടർമാർ പോലും വോട്ട് ചെയ്യാതിരുന്ന സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കണം. വൈക്കം, തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ തുടങ്ങിയ എൽ.ഡി.എഫിന്റെ പരമ്പരാഗത കോട്ടകളിൽ തോൽവിയേറ്റു വാങ്ങേണ്ടി വന്നത് മുന്നണി വരുത്തിവെച്ച വീഴ്ചകൾ കാരണമാണെന്നും ജനങ്ങൾ അകലാനുണ്ടായ സാഹചര്യങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Binoy Viswam Slams Previous LDF Govt and Pinarayi Vijayan; Demands Course Correction After Poll Debacle

More Stories from this section

family-dental
witywide