
വാഷിംഗ്‌ടൺ/ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. കഴിഞ്ഞ ഏപ്രിലിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് അമേരിക്കയും ഇറാനും തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ശക്തമായ ആക്രമണം നടത്തുകയാണ്. ഇതോടെ മേഖല വീണ്ടുമൊരു പൂർണ്ണ തോതിലുള്ള യുദ്ധത്തിൻ്റെ നിഴലിലായിരിക്കുകയാണ്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാത്തരം കപ്പലുകൾക്കുമായി പൂർണ്ണമായി അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇവിടെക്കൂടി കടന്നുപോയ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഐആർജിസി അവകാശപ്പെട്ടു. കപ്പൽ ഗതാഗതം തടസ്സപ്പെട്ടെന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 2 ശതമാനം ഉയർന്ന് ബാരലിന് 95 ഡോളറിലെത്തി.
തെക്കൻ ഇറാനിലെ സൈനിക താവളങ്ങൾ, നിരീക്ഷണ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തി. ഇറാനെ “ശക്തമായി” നേരിടുമെന്നും, സ്ഥിരമായ സമാധാന കരാറിലെത്താൻ ടെഹ്റാൻ ഭരണകൂടം വൈകുകയാണെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ ഈ നീക്കം. അമേരിക്കൻ ആക്രമണത്തിന് മറുപടിയായി മേഖലയിലെ വിവിധ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിച്ചു. ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ്റെ ആക്രമണമുണ്ടായി.
ജോർദാനിലെ മുവാഫഖ് സാൽതി എയർബേസിന് നേരെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് 12 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ആക്രമണത്തിൽ നിരവധി യുഎസ് യുദ്ധവിമാനങ്ങളും സൈനിക സൗകര്യങ്ങളും തകർത്തതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ്റെ മിസൈൽ ആക്രമണത്തെ തുടർന്ന് കുവൈറ്റ് തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടയ്ക്കുകയും പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുകയും ചെയ്തു.
ഇറാനിലെ പ്രധാന കേന്ദ്രങ്ങളിൽ ഇനിയും ബോംബുകൾ വർഷിക്കുമെന്ന് യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത് മുന്നറിയിപ്പ് നൽകിയപ്പോൾ, അമേരിക്കയുടെ ഒരു ഭീഷണിക്കും മുന്നിൽ വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. അമേരിക്ക നയതന്ത്ര ചർച്ചകളെ തകർക്കുകയാണെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. മേഖല കൂടുതൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും, ഇരുവിഭാഗവും എത്രയും വേഗം നയതന്ത്ര പരിഹാരത്തിന് ശ്രമിക്കണമെന്നും യുഎൻ ജനറൽ സെക്രട്ടറി അന്തോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
Middle East war looms? Heavy missile attacks between US and Iran for second day; Oil prices surge















