കണ്ണൂർ: ബന്ധുനിയമനം വീണ്ടും ന്യായീകരിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സഹോദരീ ഭർത്താവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ നിയമപ്രശ്‌നങ്ങളില്ലെന്നും വിവാദം ഒഴിവാക്കാനാണ് അദ്ദേഹത്തിൻ്റെ രാജിയെന്നും സണ്ണി ജോസഫ് പറഞ്ഞു. നിയമന വാർത്ത പുറത്തുവന്നപ്പോൾ തന്നെ, പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നതിന് യോഗ്യതയോ അയോഗ്യതയോ ഉണ്ടോ എന്ന് പരിശോധിച്ചുവെന്നും എന്നാൽ ഇവിടെ അയോഗ്യത കണ്ടില്ലെന്നും ഇരിട്ടിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സണ്ണി ജോസഫ് വ്യക്തമാക്കി.
എല്ലാവരും ബെന്നി തോമസ് തുടരണമെന്നാണ് ആവശ്യപ്പെട്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു.കെപിസിസി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് വിമർശനമുണ്ടായെങ്കിലും ആ വ്യക്തി തന്നെ പിന്നീട് അത് തിരുത്തി പറഞ്ഞു. ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യവും വിശ്വസ്തതയുമുള്ള ഒരാളെ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തനിക്ക് ആവശ്യമായിരുന്നു. അതിനാണ് ബെന്നിയെ നിയോഗിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ബന്ധു നിയമനത്തിനെതിരെ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഗത്യന്തരമില്ലാതെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽനിന്ന് സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറി ഇരുപതാം ദിവസമാണ് ഒരു മന്ത്രിയുടെ സ്റ്റാഫിൽനിന്നുള്ള ആദ്യ രാജി. ബന്ധുനിയമനത്തിൽ ആദ്യം മൗനം പാലിക്കുകയും പിന്നീട് ന്യായീകരിക്കുകയുമായിരുന്നു സണ്ണി ജോസഫ് ചെയ്തത്.
Minister Sunny Joseph once again justifies appointment of relatives; Everyone wanted his brother-in-law to continue, no problem with the appointment












