
മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെ, മരിച്ചയാളുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി എംഎൽഎ ഉഷ വിജയൻ. കാട്ടിക്കുളം പുളിമൂട്കുന്ന് മിച്ചഭൂമിയിലെ താമസക്കാരനായ 65-കാരൻ രാജുവാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനായി വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) ശ്രമിക്കുന്നതിനിടെയാണ് രാജു ആനയുടെ മുന്നിൽ അകപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
രാജുവിന്റെ കുടുംബത്തിന് അനുവദിച്ചിട്ടുള്ള 14 ലക്ഷം രൂപ ധനസഹായത്തിൽ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി ഇന്ന് തന്നെ കൈമാറുമെന്ന് എംഎൽഎ അറിയിച്ചു. ശേഷിക്കുന്ന തുക നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് നൽകുമെന്നും, കുടുംബത്തിലെ ആശ്രിതർക്ക് സ്ഥിര നിയമനം ലഭ്യമാക്കുന്നതിനായി സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അവർ വ്യക്തമാക്കി.
സംഭവം അതീവ ദുഃഖകരമാണെന്നും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും എംഎൽഎ പറഞ്ഞു. വന്യമൃഗ ശല്യം തടയുന്നതിനുള്ള ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സംഭവം നടന്നിട്ടും ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ സമയബന്ധിതമായി സ്ഥലത്തെത്തിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ മാനന്തവാടി മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധിച്ചു. ഒരാളുടെ ജീവൻ നഷ്ടമായിട്ടും വകുപ്പ് മന്ത്രിയോ എംഎൽഎമാരോ ജില്ലാ കളക്ടറോ സ്ഥലത്തെത്തിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് തിരുനെല്ലി പഞ്ചായത്തിലെ പുളിമൂട്കുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന രാജുവിന് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ ദുരന്തം. ഇക്കഴിഞ്ഞ 26-ന് മേപ്പാടിയിൽ ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഒരു വീട്ടമ്മയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മഴ ശക്തമായതോടെ ജില്ലയിലെ വനാതിർത്തി മേഖലകളിൽ ആനശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.













