
ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ മുഖംമൂടി ധരിച്ച സംഘത്തിന്റെ വൻ കവർച്ച. പ്രശസ്തമായ ഓക്ക് ട്രീ റോഡിലെ ‘9ലഖ’ എന്ന ജ്വല്ലറിയിൽ നിന്നാണ് ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) വിലമതിക്കുന്ന സ്വർണ്ണ-രത്നാഭരണങ്ങൾ കവർന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വെറും 30 മുതൽ 45 സെക്കൻഡുകൾക്കുള്ളിലാണ് അക്രമികൾ കവർച്ച നടത്തി രക്ഷപ്പെട്ടത്.
ജ്വല്ലറിക്ക് മുന്നിൽ എസ്‌യുവി വിഭാഗത്തിൽപ്പെട്ട വാഹനത്തിൽ എത്തിയ നാലംഗ സായുധ സംഘം അകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് വലിയ ചുറ്റികകൾ ഉപയോഗിച്ച് ആഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഗ്ലാസ് കൂടുകൾ തകർത്തു. കയ്യിൽ കരുതിയിരുന്ന വലിയ പ്ലാസ്റ്റിക് ബാഗുകളിലേക്ക് ഡിസ്‌പ്ലേ ട്രേകളോടെ ആഭരണങ്ങൾ വാരി നിറച്ച ശേഷമാണ് സംഘം രക്ഷപ്പെട്ടത്. കടയിലുണ്ടായിരുന്ന മുഴുവൻ സ്റ്റോക്കും കവർന്നതായി ജ്വല്ലറി ഉടമ സോനു ചൗഹാൻ പറഞ്ഞു. കവർച്ചയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
നിരവധി ഇന്ത്യൻ ജ്വല്ലറികൾ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഇതേ തെരുവിലുള്ള ‘വിരാണി ജ്വല്ലേഴ്സ്’ എന്ന സ്ഥാപനത്തിൽ കഴിഞ്ഞ വർഷം ജൂണിലും 2022-ലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ വ്യാപാരികൾ കടുത്ത ആശങ്കയിലാണ്. കവർച്ചകൾ തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ മുൻകരുതലുകളും സുരക്ഷാ ഇൻഷുറൻസും ഉണ്ടാകണമെന്ന് ജ്വല്ലറി സഹഉടമ സുസ്മിത ചൗഹാൻ ആവശ്യപ്പെട്ടു.
സമീപകാലത്തായി ന്യൂജേഴ്‌സിയിലെ മറ്റ് ഇന്ത്യൻ ജ്വല്ലറികളായ പെർത്ത് അംബോയിലെ ‘റൂബീസ് ജ്വല്ലർ’, ജേഴ്സി സിറ്റിയിലെ ‘റീമ ജ്വല്ലേഴ്സ്’, ‘പോപ്പുലർ ലണ്ടൻ ജ്വൽ’ എന്നിവടങ്ങളിലും സമാനമായ രീതിയിൽ കവർച്ചകൾ നടന്നിരുന്നു. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Movie-style robbery in New Jersey: Gold worth Rs 8.3 crore stolen from Indian jeweller in 45 seconds















