
ടൊറന്റോ: കാനഡയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികൾക്കെതിരെ നടപടി ശക്തമാക്കി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ). ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം റെക്കോർഡ് എണ്ണം ഇന്ത്യൻ പൗരന്മാരെയാണ് കാനഡയിൽ നിന്ന് പുറത്താക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം ഇന്ത്യക്കാർക്കെതിരെ കാനഡ നാടുകടത്തൽ നടപടി സ്വീകരിക്കുന്നത്. രാജ്യത്തുനിന്ന് ഈ വർഷം ആകെ പുറത്താക്കപ്പെട്ട 16,426 വിദേശികളിൽ 27 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്.
2020-ന് ശേഷമുള്ള കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ മെക്സിക്കോ സ്വദേശികളായിരുന്നു ഈ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്. എന്നാൽ 2020-ൽ തിരിച്ചയച്ച 1,424 പേരിൽ നിന്നും വലിയ വർദ്ധനവാണ് ഇത്തവണ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ കാനഡയിൽ നിന്നും പുറത്താക്കൽ നടപടികൾ നേരിടുന്ന 52,457 പേരുടെ പട്ടികയിലും (Removals in Progress Inventory) ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യക്കാരാണ്, 11,393 പേർ.
മൂന്ന് തരത്തിലുള്ള പുറത്താക്കൽ നടപടികൾ:
വ്യത്യസ്തമായ മൂന്ന് ഉത്തരവുകളിലൂടെയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി വ്യക്തികളെ രാജ്യത്ത് നിന്നും നീക്കം ചെയ്യുന്നത്.
ഡീപോർട്ടേഷൻ ഓർഡർ (Deportation Order)
ഇത് ലഭിക്കുന്നവർക്ക് കാനഡയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് സ്ഥിരമായ വിലക്കുണ്ടാകും. പ്രത്യേക രേഖാമൂലമുള്ള അനുമതിയുണ്ടെങ്കിൽ മാത്രമേ ഇവർക്ക് തിരികെ വരാനാകൂ.
എക്സ്ക്ലൂഷൻ ഓർഡർ (Exclusion Order)
ഇതനുസരിച്ച് വ്യക്തിക്ക് ഒരു വർഷത്തേക്ക് കാനഡയിലേക്ക് മടങ്ങിവരാൻ കഴിയില്ല. എന്നാൽ വ്യാജരേഖകൾ നൽകുകയോ തെറ്റായ വിവരങ്ങൾ കാണിക്കുകയോ ചെയ്തതിനാണ് പുറത്താക്കുന്നതെങ്കിൽ 5 വർഷത്തേക്ക് വിലക്ക് നേരിടേണ്ടിവരും.
ഡിപ്പാർച്ചർ ഓർഡർ (Departure Order)
ഉത്തരവ് വന്ന് 30 ദിവസത്തിനകം സ്വയം രാജ്യം വിടണം. ഈ സമയത്തിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ ഇത് ഡീപോർട്ടേഷൻ ഓർഡറായി മാറും.
നിയമപരമായി കാനഡയിലേക്ക് വരുന്നവരോടുള്ള നീതി ഉറപ്പാക്കാനും രാജ്യത്തെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത നിലനിർത്താനും, നിയമപരമായ അവകാശമില്ലാതെ രാജ്യത്ത് തുടരുന്നവരെ പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് സിബിഎസ്എ വ്യക്തമാക്കി.
Highest rate in history; over 4,500 Indians deported from Canada this year















