നവകേരള സദസിലെ ‘രക്ഷാപ്രവർത്തന’ത്തിൽ സുരക്ഷാ ജീവനക്കാർക്ക് കുരുക്ക് മുറുകുന്നു, മുൻകൂർ ജാമ്യത്തിന് ശ്രമം, എഡിജിപി അജിത് കുമാറിനും ‘പണി’

മുൻ എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസ്സിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്-കെഎസ് യു നേതാക്കളെ മർദിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐറ്റി). കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാരുൾപ്പെടെ അഞ്ചുപേരെ പ്രതികളാക്കി അന്വേഷണ സംഘം ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ എസ്. സന്ദീപ്, അകമ്പടി പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. അറസ്റ്റ് ഭയന്ന് അനിൽകുമാറും സന്ദീപും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 26-ന് ആലപ്പുഴ സെഷൻസ് കോടതി പരിഗണിക്കും.

അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച മർദനത്തിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ പ്രതി ചേർക്കാൻ എസ്‌ഐടി കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ നിന്നിറങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് എങ്ങനെ ഔദ്യോഗിക കൃത്യനിർവഹണമാകും എന്നാണ് കോടതി പ്രധാനമായും പരിശോധിക്കുക. റിമാൻഡിലായാൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും പ്രതികൾ ജാമ്യാപേക്ഷയിൽ പങ്കുവെക്കുന്നുണ്ട്. കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

കേസ് അട്ടിമറിക്കാൻ ശ്രമിച്ച എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും കടുത്ത നടപടികൾക്ക് വഴിതുറക്കുകയാണ്. മുൻപ് അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്താൻ ഇടപെട്ടത് എഡിജിപിയാണെന്ന വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. യഥാർത്ഥ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവെക്കാനും ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇല്ലാതാക്കാനും ഉന്നതതലത്തിൽ ശ്രമം നടന്നതായും ആരോപണമുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ എഡിജിപിക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ചോദ്യം ചെയ്യപ്പെടാൻ ഇടയില്ലാത്ത വിധം നിയമപരമായ പഴുതുകൾ അടച്ചുകൊണ്ടാണ് സർക്കാർ ഇപ്പോൾ നീങ്ങുന്നത്. അടുത്ത ആഴ്ച തന്നെ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരെ വിളിപ്പിച്ചു മൊഴിയെടുക്കും. കേസ് അട്ടിമറിക്കുന്നതിൽ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിൽ വരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നാടകീയമായ നീക്കങ്ങൾക്കാണ് ആഭ്യന്തരവകുപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

2023 ഡിസംബർ 15-നായിരുന്നു രാഷ്ട്രീയ കേരളത്തെ ഉലച്ച ഈ സംഭവം നടന്നത്. നവകേരള സദസിന്റെ ബസ് കടന്നുപോയപ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ്, കെഎസ് യു ജില്ലാ പ്രസിഡന്റും നിലവിൽ ആലപ്പുഴ എംഎൽഎയുമായ എ.ഡി. തോമസ് എന്നിവരെയാണ് ലോക്കൽ പോലീസിന്റെ സാന്നിധ്യത്തിൽ സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ടു മർദിച്ചത്.

Navakerala Sadas Assault Case: Security Personnel Seek Anticipatory Bail, ADGP M R Ajith Kumar Also Under Scanner

More Stories from this section

family-dental
witywide