നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിച്ചു. ജഡ്ജി ഹണി എം. വർഗീസാണ് ഹർജി പരിഗണിച്ചത്. നിലവിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ കേസിൽ പുതിയ വകുപ്പുകൾ ചേർത്തുള്ള അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ട് ഹാജരാക്കിയില്ലെന്ന് ചോദിച്ച കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐറ്റി) എതിരെ കടുത്ത വിമർശനം ഉന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിയുമായുള്ള മീറ്റിങ്ങിലാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചെങ്കിലും റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കാനും അതിനുശേഷം ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയെ സംരക്ഷിക്കുക എന്നത് തങ്ങളുടെ നിയമപരമായ ചുമതലയായിരുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധം ഉണ്ടായെന്നും അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കേസിൽ പുതിയ അന്വേഷണസംഘം ഉണ്ടായതെന്നും കസ്റ്റഡിയിലെടുത്താൽ തങ്ങൾക്ക് നേരെ ദേഹോപദ്രവം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രതിഭാഗം ആശങ്കപ്പെട്ടു. എന്നാൽ കേസന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും പ്രതികൾ കോടതിയെ ബോധിപ്പിച്ചു.
അതേസമയം പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വലിയ ജനക്കൂട്ടം ആക്രമിച്ചുവെന്നാണ് പ്രതിഭാഗം പറയുന്നതെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ രണ്ട് പ്രതിഷേധക്കാർ മാത്രമാണുള്ളതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാർ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. ലോക്കൽ പോലീസ് ഇവരെ മാറ്റി നിർത്തിയതിന് ശേഷം പുറകിലെ വാഹനത്തിൽ നിന്നിറങ്ങിവന്ന് മർദിച്ച നടപടിയെ എങ്ങനെ ഔദ്യോഗിക കൃത്യനിർവഹണമായി കാണാൻ കഴിയുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചോദിച്ചു. പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ അന്തിമ തീരുമാനമുണ്ടാകും.
Navakerala Sadas Assault: Court Hears Anticipatory Bail of Security Personnel, Criticizes SIT For Delaying Report












