പിണറായിക്കായി ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് രക്ഷയില്ല, ഗൺമാൻ ഉൾപ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; ഡിജിപിയുടെ അടിയന്തര നടപടി

നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെഎസ് യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി. പ്രതിപ്പട്ടികയിലുള്ള അഞ്ച് പോലീസുകാരെയും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തുകൊണ്ട് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) അടിയന്തര ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ജീവനക്കാരൻ എസ്. സന്ദീപ് എന്നിവർക്ക് പുറമെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വിപിൻ, ഷൈജു, അരുൺ എന്നീ പോലീസുകാരാണ് നടപടി നേരിട്ടത്.

അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച മർദനക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഡിജിപിയുടെ ഈ ശക്തമായ നടപടി. മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിലും തുടർന്ന് നടന്ന അന്വേഷണത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും നിയമലംഘനവും ഉണ്ടായതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സസ്‌പെൻഷൻ. ക്രിമിനൽ കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലും ആഭ്യന്തര വകുപ്പിനുണ്ടായിരുന്നു.

പ്രതികളായ അനിൽ കല്ലിയൂരും സന്ദീപും അറസ്റ്റ് ഭയന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നതിനിടയിലാണ് ഡിജിപിയുടെ നിർണായക ഉത്തരവ് പുറത്തുവരുന്നത്. പ്രതികൾക്കെതിരെ പുതിയ വകുപ്പുകൾ ചേർത്തുള്ള അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി എസ്‌ഐടിയോട് ഇന്ന് ആവശ്യപ്പെട്ടിരുന്നു. വകുപ്പുതല നടപടിയുടെ ഭാഗമായി അഞ്ച് സുരക്ഷാ ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തതോടെ കേസിൽ വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ നിയമനടപടികളിലേക്ക് എസ്‌ഐടി കടക്കുമെന്നാണ് സൂചന.

Navakerala Sadas Assault: DGP Suspends 5 Security Personnel Including Former CM Pinarayi Vijayan’s Gunman

More Stories from this section

family-dental
witywide