സി.ജെ.പിയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധം; ഡൽഹിയിൽ 1,500ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ 1,500ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, എ.ഐ.എസ്.എ നേതാവ് നേഹ ബോറ എന്നിവരും ശനിയാഴ്ച കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. ജന്തർ മന്തറിന് സമീപത്തുനിന്ന് മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. കസ്റ്റഡിയിലായ മാധ്യമപ്രവർത്തകർ ബസിനുള്ളിൽനിന്ന് പ്രസ് കാർഡുകൾ ഉയർത്തിക്കാണിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധം നടത്താനിരിക്കെ സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മമത ബാനർജി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, എ.ഐ.എസ്.എ നേതാവ് നേഹ ബോറ എന്നിവരടക്കമുള്ളവരെയും കസ്റ്റഡിയിലെടുത്തത്.

ജന്തർ മന്തറിനു ചുറ്റും കനത്ത ബാരിക്കേഡുകളും സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയ സാഹചര്യത്തിൽ പ്രതിഷേധവേദിയിലേക്ക് മാർച്ച് നടത്താൻ സി.ജെ.പി ജനങ്ങളോട് ആഹ്വാനം ചെയ്തു. ദീപ്കെ കസ്റ്റഡിയിലായതിനു പിന്നാലെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന അജിൻക്യ ഷിൻഡെ എക്സിൽ പങ്കുവച്ച വിഡിയോയിൽ ഇങ്ങനെ പറഞ്ഞു: “ഡൽഹി പൊലീസ് നിങ്ങളെ തടയാൻ ശ്രമിച്ചാൽ, അവർ നിങ്ങളെ എവിടെ തടയുന്നുവോ ആ സ്ഥലം നിങ്ങളുടെ ജന്തർ മന്തറായി മാറും.”പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി കനത്ത സുരക്ഷാവലയത്തിലായി.

40,000ത്തിലധികം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളെയും വിന്യസിച്ചു. ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകളും റോഡിൽ വാഹനങ്ങൾ തടയുന്നതിനുള്ള സ്പൈക്ക് സ്ട്രിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിൽ (എസ്.ഐ.ആർ) ക്രമക്കേടുകൾ നടന്നെന്ന ആരോപണം ഉന്നയിച്ചാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയത്.

Nearly 1,500 people detained during CJP’s anti-CEC stir today, say police

More Stories from this section

family-dental
witywide