
കാഠ്മണ്ഡു: ഇന്ത്യ മാത്രമല്ല, നേപ്പാളും അതിർത്തി കയ്യേറിയിട്ടുണ്ടെന്ന നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ പരാമർശം രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിഷേധത്തിന് കാരണമായി. അധികാരമേറ്റ ശേഷം ആദ്യമായി പാർലമെൻ്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമർശം.
താൻ അധികാരത്തിൽ വന്ന ശേഷമാണ് അതിർത്തിയിലെ കൃത്യമായ വിവരങ്ങൾ മനസ്സിലാക്കിയതെന്ന് ബാലൻ ഷാ പറഞ്ഞു. ഇന്ത്യ നേപ്പാളിൻ്റെ ഭൂമി കൈവശപ്പെടുത്തിയതുപോലെ തന്നെ, നേപ്പാളും പലയിടങ്ങളിലും ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടന്നുകയറിയിട്ടുണ്ട്. ഈ പ്രശ്നം ഏകപക്ഷീയമായി കാണരുത്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലം മുതലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ചരിത്രകാരന്മാരുടെയും സർവേയർമാരുടെയും സഹായത്തോടെ ചർച്ചകൾ നടത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നയുടൻ നേപ്പാളി കോൺഗ്രസ്, സി.പി.എൻ (യു.എം.എൽ) തുടങ്ങിയ പ്രധാന പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ശക്തമായ ബഹളമുണ്ടാക്കി. നേപ്പാൾ ഇന്ത്യയുടെ ഏതെല്ലാം ഭാഗങ്ങളാണ് കയ്യേറിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. സുസ്ത, കാലാപാനി, ലിപുലേഖ് തുടങ്ങിയ തർക്ക പ്രദേശങ്ങളിൽ അതിർത്തി നിർണ്ണയം പൂർത്തിയായിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ നേപ്പാളിൻ്റെ കൈവശമുള്ള ചില ഭൂമി ഇന്ത്യയുടേതാകാനും, ഇന്ത്യയുടെ കൈവശമുള്ള ചില ഭാഗങ്ങൾ നേപ്പാളിന്റേതാകാനും സാങ്കേതികമായി സാധ്യതയുണ്ട്. ഈ ‘ക്രോസ്-ബോർഡർ അധിനിവേശ’ സാഹചര്യത്തെയാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 1816-ലെ സുഗൗലി ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും നേപ്പാൾ വ്യക്തമാക്കി.
Prime Minister Balan Shah says India and Nepal have encroached on each other’s border; strong protests in Nepal












