പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിൻ്റെ ആദ്യ 2 ചരണങ്ങൾ മാത്രം: കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്

ന്യൂഡൽഹി: പാർട്ടി ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശം നൽകി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയത്.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഗായകസംഘം വന്ദേമാതരം പൂർണ്ണമായി ആലപിച്ചിരുന്നു. വിലക്ക് ലംഘിച്ചുള്ള ഈ നടപടി പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ കെ.പി.സി.സി ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാന കമ്മിറ്റികൾക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർദ്ദേശം കൈമാറിയത്.

1937 ഒക്ടോബറിൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യു.സി) തീരുമാനപ്രകാരം വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഈ ചരിത്രപരമായ നിലപാടിൽ മാറ്റമില്ലെന്നും, ദേശീയ ഗീതത്തിൻ്റെ തുടർന്നുള്ള വരികളിൽ മതപരമായ പ്രതീകാത്മകതകൾ ഉള്ളതിനാൽ അവ പാർട്ടി വേദികളിൽ ഒഴിവാക്കണമെന്നുമാണ് നിർദ്ദേശം.

ദേശീയ ഗീതത്തിൻ്റെ ആറ് ചരണങ്ങളും ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം നിലനിൽക്കെയാണ്, തങ്ങളുടെ പഴയ നയത്തിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നേക്കും.

Only the first 2 stanzas of Vande Mataram can be sung in party programs: High command issues strict instructions

More Stories from this section

family-dental
witywide