റഷ്യൻ മിസൈൽ ആക്രമണത്തിന് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് സെലൻസ്കി; യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ തടയുന്നതായി സംശയം പ്രകടിപ്പിച്ച് യുക്രെയ്ൻ

റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മുമ്പ് യുഎസിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിലെ വീഴ്ചയ്ക്ക് വാഷിങ്ടൺ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ച് പങ്കാളി രാജ്യങ്ങളിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചില്ല. മിസൈൽ ഭീഷണികളെക്കുറിച്ച് അമേരിക്ക നൽകാറുള്ള മുൻകൂർ മുന്നറിയിപ്പും ഉണ്ടായില്ലെന്നും സെലൻസ്കി വ്യക്തമാക്കി. ചുരുങ്ങിയ കാലയളവിനിടെ മൂന്നാം തവണയാണ് ഇത്തരത്തിൽ മുന്നറിയിപ്പ് ലഭിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നില്ലെന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. “ഞങ്ങൾ ധാരാളം രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നുണ്ട്. യുക്രെയ്‌നിന് ഒരുപാട് സഹായം നൽകിയിട്ടുണ്ട്. അവർ ഞങ്ങൾക്ക് ഒന്നും നൽകിയിട്ടില്ല,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സെലൻസ്കിയും ട്രംപും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. ട്രംപ് ഭരണകൂടം “ചരിത്രത്തിന്റെ തെറ്റായ വശത്താണ്” എന്ന് സെലൻസ്കി വിമർശിച്ചപ്പോൾ, റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ ആരോപണം.

റഷ്യൻ ആക്രമണങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നത് യുഎസ് ഇടയ്ക്കിടെ നിയന്ത്രിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ സംശയമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇതുമൂലം ഞായറാഴ്ച റഷ്യ നടത്തിയ ആക്രമണത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ച് യുക്രെയ്‌ന് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ, വൈകിട്ട് നടന്ന രണ്ടാംഘട്ട ആക്രമണത്തിന് മുമ്പ് യുഎസ് മുന്നറിയിപ്പ് സംവിധാനം പുനഃസ്ഥാപിച്ചെന്നും അവർ അവകാശപ്പെട്ടു. യുക്രെയ്‌നുമായുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ പെന്റഗണിന്റെ നയത്തിന് മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യുഎസ് പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനും പ്രതികരിച്ചു.

എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി യുഎസിന്റെ രഹസ്യാന്വേഷണ സഹായം ക്രമരഹിതമായിരുന്നെന്നും വാഷിങ്ടൺ ഇതിന് വിശദീകരണം നൽകിയിട്ടില്ലെന്നും യുക്രെയ്ൻ ഉദ്യോഗസ്ഥർ ആരോപിച്ചു. ട്രംപ് രണ്ടാം തവണ പ്രസിഡന്റായതിന് പിന്നാലെ 2025 മാർച്ചിലും യുഎസ് യുക്രെയ്‌നുമായുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ട്രംപ്, സെലൻസ്കി, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവർ പങ്കെടുത്ത വൈറ്റ് ഹൗസ് കൂടിക്കാഴ്ച വാക്കേറ്റത്തിൽ കലാശിച്ചതിന് പിന്നാലെയായിരുന്നു നടപടി. പിന്നീട് വിവരങ്ങൾ കൈമാറുന്നത് പുനഃസ്ഥാപിച്ചു.

‘No warning before missile strikes’: Zelensky as Ukraine suspects US blocking intel on Russian attacks

More Stories from this section

family-dental
witywide